തൃശ്ശൂര്‍: ഈ കോവിഡ് മഹാമാരിക്കാലത്ത് ലാഭേച്ഛയ്ക്കപ്പുറത്തെ നന്മകളുടെ വലിയ കഥകള്‍ കഴിഞ്ഞ കുറച്ചുകാലമായി ആശ്വാസ വാര്‍ത്തകളായി എത്താറുണ്ട്. അത്തരത്തില്‍ ഒരു നന്മയുടെ കഥയാണ് തൃശൂരില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്.
നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്ന് പറഞ്ഞ അഖില്‍ എന്ന യുവാവിനെക്കുറിച്ചുള്ള കുറിപ്പാണ് ഇന്ന്് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് അധികൃതരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അഖിലിനെ മലയാളിക്ക് പരിചയപ്പെടുത്തിയത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഒക്സിജനുമായി വന്ന TN 88B 6702 ടാങ്കര്‍ ലോറിയെ തൃശ്ശൂര്‍ പാലക്കാട് അതിര്‍ത്തിയായ വാണിയമ്പാറയില്‍ പൈലറ്റ് ചെയ്ത് വരികയായിരുന്നു മോട്ടോര്‍വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം. എഎംവിഐമാരായ പ്രവീണ്‍, സനീഷ്, ഡ്രൈവര്‍ അനീഷ് എന്നിവരായിരുന്നു സംഘത്തില്‍. ലോറി ദേശീയപാത നടത്തറയില്‍ എത്തിയപ്പോഴാണ് എയര്‍ ലീക്ക് ശ്രദ്ധയില്‍പ്പെടുന്നത്. രാത്രി 12.30 ആയിരുന്നു അപ്പോള്‍ സമയം. വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ പിന്‍വശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററില്‍ നിന്നാണെന്ന് ലീക്കെന്ന് സ്ഥിരീകരിച്ചു.
വെളിച്ചക്കുറവ് മൂലം വാഹനം എമര്‍ജന്‍സി ലൈറ്റുമിട്ട് പാലിയേക്കര ടോള്‍ പ്ലാസക്കടുത്തുള്ള റോഡരികില്‍ ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് ലോറിക്ക് പൈലറ്റ് വന്നിരുന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മെക്കാനിക്കിനെ തേടി പരക്കംപാഞ്ഞു. സ്ഥലപരിചയമില്ലാത്ത ലോറി ഡ്രൈവറും മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരും അടുത്തുള്ള സര്‍വ്വീസ് സെന്ററിലും കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ഷോപ്പിലും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കെഎസ്ആര്‍ടിസി അങ്കമാലി ആലുവ റീജെണല്‍ വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളില്‍ ആളും പാര്‍ട്ട്സും കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും പെട്ടന്ന് കണ്‍ഫോം ചെയ്ത് കിട്ടിയില്ല.
തുടര്‍ന്ന് സ്ഥലത്തെപ്പറ്റി നല്ല ധാരണയുള്ളതിനാല്‍ തൊട്ടടുത്തുള്ള പയനിയര്‍ ഓട്ടോ ഗ്യാരേജില്‍ എത്തി ഉദ്യോഗസ്ഥര്‍. രാത്രി അവിടെ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതിയെങ്കിലും വര്‍ക്ക്ഷോപ്പില്‍ ആളുണ്ടായിരുന്നില്ല. ഇതോടെ വര്‍ക്ക്ഷോപ്പ് ഉടമകളായ അനൂപിന്റെയും അഖിലിന്റെയും വീടു തേടി എന്‍ഫോഴ്സ്മെന്റ് വാഹനവുമായി ഉദ്യോഗസ്ഥര്‍ പോയി. നട്ടപ്പാതിരായ്ക്ക് അനൂപിനേയും അഖിലിനെയും വിളിച്ചെഴുന്നേല്‍പ്പിച്ച് കാര്യം പറഞ്ഞു. കേള്‍ക്കേണ്ട താമസം രണ്ടാമതൊന്ന് ആലോചിക്കാതെ ടൂള്‍കിറ്റുമായി അഖില്‍ റെഡി. ഡിപ്പാര്‍ട്ട്മെന്റ് വണ്ടിയില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ കോവിഡ് ഒക്കെയല്ലെ വര്‍ക്ക്ഷോപ്പില്‍ പല ആളുകള്‍ വരുന്നതല്ലെ എന്ന് പറഞ്ഞ് സ്വന്തം ടൂവീലറില്‍ അനുജന് അനൂപിനെയും കൂട്ടി ഉദ്യോഗസ്ഥര്‍ക്കൊപ്പം പാലിയേക്കരയിലേക്ക് തിരിച്ചു അഖില്‍.
ലോറിക്കടിയിലിറങ്ങിയ അഖില്‍ ലീക്ക് കണ്ടെത്തി. പിറകിലെ മള്‍ട്ടി ആക്സില്‍ കോമ്പിനേഷനിലേക്കുള്ള പൈപ്പ് ബ്ലോക്ക് ചെയ്ത് തകരാര്‍ താത്കാലികമായി പരിഹരിച്ചു. പണി കഴിഞ്ഞ് കൂലി നല്‍കിയപ്പോഴായിരുന്നു നട്ടപ്പാതിരായ്ക്ക് ഇറങ്ങി വന്ന അതേ മനസോടെ ഒട്ടുമാലോചിക്കാതെയുള്ള അഖിലിന്റെ ആ ക്ലാസിക്ക് മറുപടി. ‘കോവിഡ് രോഗികള്‍ക്കുള്ള ഓക്സിജനുമായി പോകുന്ന വണ്ടിയല്ലേ.. പണിക്കാശ് വേണ്ട..!’ ഉദ്യോഗസ്ഥര്‍ വളരെ നിര്‍ബന്ധിച്ചെങ്കിലും അഖില്‍ ഉറച്ചുതന്നെയായിരുന്നു. ‘ഇനി സമയം കളയേണ്ട സര് , വേഗം വിട്ടോളൂ..’എന്നായിരുന്നു മറുപടി.
അഖിലും അനൂപും ഒപ്പം സമാന സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്ന ആയിരക്കണക്കിന് അജ്ഞാത സുഹൃത്തുക്കള്‍ക്കും നൂറുകണക്കിന് രോഗികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കേരളീയരുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടാണ് മോട്ടോര്‍വാഹന വകുപ്പ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.