തിരുവനന്തപുരം: മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ ദൈവദൂതനെപ്പോലെ എത്തി ജീവിതം തിരികെ നല്കിയ അതിഥി തൊഴിലാളി സുബ്രദോ ബിശ്വാസിനോട് ഈ ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിക്കുകയാണ് പൂന്തുറ സ്വദേശികളായ നെപ്പോളിയനും തോമസും. തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ആ അതിഥി തൊഴിലാളിയെ കണ്ട അവര്‍ കെട്ടിപിടിച്ച് നന്ദി പറഞ്ഞു.
രണ്ടുനാള്‍ മുന്‍പ് വിഴിഞ്ഞത്ത് കാറ്റില്‍പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞപ്പോള്‍ നെപ്പോളിയനെയും തോമസിനെയും ദൈവദൂതനെ പോലെ എത്തി കല്‍ക്കട്ട സ്വദേശിയായ സുബ്രദോ ബിശ്വാസാണ് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇതിനുശേഷം ശനിയാഴ്ചയാണ് സുബ്രദോ പൂന്തുറയില്‍ എത്തി നെപ്പോളിയനെയും തോമസിനെയും കണ്ടത്.
സുബ്രദോയെ കണ്ടപ്പോള്‍ രക്ഷപ്പെട്ടവരുടെ ബന്ധുക്കളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല. കൈകള്‍ കൂപ്പി അവര്‍ സുബ്രദോയ്ക്ക് നന്ദി പറഞ്ഞു. ”മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന് തിരിച്ച ഞങ്ങള്‍ തീരത്ത് നിന്ന് 15 കിലോമീറ്റര്‍ ഉള്ളില്‍ എത്തുമ്പോഴാണ് കാറ്റ് വില്ലനാണെന്നു മനസിലായത്.
ഉടന്‍ തന്നെ തിരികെ തീരത്തേക്ക് തിരിച്ചു. തിരികെ ഹാര്‍ബറിലേക്ക് കയറുമ്പോഴാണ് വള്ളം അപകടത്തില്‍പ്പെട്ട് മറിയുന്നത്. ഉച്ചത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചും ദൈവത്തെ വിളിച്ചും ഞങ്ങള്‍ കടലില്‍ കിടന്ന് ജീവന് നഷ്ടമാകും എന്ന പേടിയില്‍ നിലവിളിക്കുമ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് സുബ്രദോ എത്തിയത്…” – തോമസും നെപ്പോളിയനും പറഞ്ഞു.
ചൊവ്വാഴ്ച വിഴിഞ്ഞത്ത് അപകടം നടക്കുമ്പോള്‍ സുബ്രദോ അവിടെ ഉണ്ടായിരുന്നു. സന്നാഹങ്ങള്‍ എല്ലാം ഉണ്ടായിട്ടും കൂറ്റന്‍ തിരകളെ രക്ഷാ ഏജന്‍സികള്‍ ഭയന്നിടത്ത് നിലവിളികള്‍ കേട്ട ഉടനെ ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച ചെറിയ ബോട്ടില്‍ സുബ്രദോ രക്ഷയ്ക്കായി ഇറങ്ങുകയായിരുന്നു.
അദാനി ഗ്രൂപ്പിന്റെ ബാര്‍ജില്‍ നിന്നുള്ള വെളിച്ചത്തില്‍ സുബ്രദോക്ക് കടലില്‍ അകപ്പെട്ടവരെ കാണാന്‍ പറ്റുന്നുണ്ടായിരുന്നു. മറിഞ്ഞ വളളത്തിനരികെ പിടിച്ച് കിടന്ന് നിലവിളിക്കുകയായിരുന്ന തോമസിന്റെയും നെപ്പോളിയന്റെയും അടുത്തെത്തി വള്ളം വിട്ട് ചാടാന്‍ സുബ്രദോ പറഞ്ഞു. തുടര്‍ന്ന് കൈപിടിച്ച് ബോട്ടിലേക്ക് കയറ്റാന്‍ ശ്രമിക്കവേ വീണ്ടുമെത്തിയ ശക്തമായ തിരയില്‍ രണ്ടുപേരും വെളളത്തിലേക്ക് മുങ്ങി.
പിന്നാലെ വന്ന അടുത്ത തിരക്കൊപ്പം തോമസും നെപ്പോളിയനും ഉയര്‍ന്നുവരുന്നത് കണ്ട് ഉടന്‍ സുബ്രദോ വളളം തുഴഞ്ഞെത്തി രണ്ടുപേരെയും വലിച്ച് കയറ്റുകയായിരുന്നു. ”വള്ളം വള്ളം എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ജീവന് ജീവന് എന്ന് പറഞ്ഞു സുബ്രദോ കരയിലേക്ക് തിരിച്ചു..” – അവര്‍ കൂട്ടിച്ചേര്‍ത്തു.
കരയിലേക്ക് കൊണ്ടുവരുമ്പോള്‍ പലതവണ തിരടയിച്ച് വളളം മറിയുമെന്ന സാഹചര്യമുണ്ടായിട്ടും സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ ഹാര്‍ബറിലേക്ക് ഇരുവരെയും വലിച്ച് കയറ്റി. അപകടത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ മുന്നിലൂടെ കടന്നുപോയ വളളക്കാര്‍ തങ്ങളെ കണ്ടുവെങ്കിലും ഭയം കൊണ്ട് കര പിടിക്കാന്‍ നോക്കിയതല്ലാതെ തങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്ന് ഇരുവരും പറഞ്ഞു.