വള്ളികുന്നം: ദിവസങ്ങളായി വെള്ളം കിട്ടാതെ കഴിഞ്ഞ കോവിഡ് ബാധിതരായ കുടുംബത്തിന് തനിച്ച് കുടിവെള്ളം എത്തിച്ചുനല്‍കി പോലീസുദ്യോഗസ്ഥ. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ജി.ജയന്തിയാണ് കോവിഡ് കാലത്ത് സമാനതകളില്ലാത്ത ‘ഡ്യൂട്ടി’ ചെയ്തത്.
കോവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിഞ്ഞ കുടുംബം വെള്ളമില്ലാതെ ദിവസങ്ങളായി വലയുന്നുവെന്ന വിവരം അറിഞ്ഞാണ് ജയന്തി എത്തിയത്. വള്ളികുന്നം ലക്ഷം വീട് ഭാഗത്താണ് കോവിഡ് ബാധിച്ച് പുറത്തിറങ്ങാതെ കഴിയുന്ന വീട്ടിലെ പമ്പ് തകരാറിലായത്.
സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പലരുമായും ബന്ധപ്പെട്ടെങ്കിലും എല്ലാവരും കൈമലര്‍ത്തി. ഒടുവിലാണ് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസര്‍ ആയിരുന്ന ചൂനാട് തെക്കേ ജംക്ഷന് ശ്രീശൈലത്തില്‍ ജയന്തിയെ വിവരം അറിയിച്ചത്.
താമരക്കുളം പിഎച്ച്സിയിലെ സീനിയര്‍ ക്ലാര്‍ക്ക് ആയ ഭര്‍ത്താവ് സുരേന്ദ്രന്റെ കൂട്ടുകാരനായ ഇലക്ട്രീഷന്‍ മണ്ണടിശ്ശേരില്‍ സുരേഷിനോട് ജയന്തി കാര്യം പറഞ്ഞതോടെ അദ്ദേഹം പരിശോധിച്ചു. തുടര്‍ന്ന് സ്വിച്ചിന്റെ കുഴപ്പമാണെന്ന് സുരേഷ് കണ്ടെത്തി.
എന്നാല്‍ ലോക് ഡൗണ്‍ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന മണക്കാട്ടുകുറ്റിയിലെ കട തുറക്കാന്‍ ഉടമ തയാറായില്ല. ഒടുവില്‍ സ്റ്റേഷനില്‍ നിന്നുമുള്ള പ്രത്യേക അനുമതിയോടെ ജയന്തി കട തുറപ്പിച്ച് സ്വിച്ച് വാങ്ങി മോട്ടര്‍ ശരിയാക്കി നല്കി. എന്നാല്‍ അപ്പോഴേക്കും വീട്ടിലെ പാത്രങ്ങളില്‍ മുഴുവന്‍ ജയന്തി ഒറ്റയ്ക്ക് വെള്ളം കോരി നിറച്ചു.
ഇത് കണ്ടതോടെ വീട്ടുകാരുടെ മനവും നിറഞ്ഞു. രാത്രി വൈകിയതോടെ മോട്ടര്‍ ശരിയായില്ലെങ്കിലും വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് അതിന് മുന്‍പേ തന്നെ കിണറ്റില്‍ നിന്നും വെള്ളം കോരി പാത്രങ്ങളില്‍ ശേഖരിച്ച് നല്‍കിയതെന്ന് ജയന്തി പറയുന്നു.