കൊച്ചി: പാവപ്പെട്ട കുടുംബങ്ങളിലെ 10,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലേബര്‍ ഇന്ത്യ സൗജന്യമായി നല്‍കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഇതൊരു സൗജന്യമല്ലെന്നും ഇക്കാലമത്രയും സ്ഥാപനത്തെചേര്ത്തുപിടിച്ച കേരള സമൂഹത്തോടുള്ള തിരികെ നല്കലാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ലേബര്‍ ഇന്ത്യയുടെ സഹായം ലഭ്യമാക്കുക. ”ഇത് പരസ്യമായി പറയേണ്ടി വന്നതില്‍ ക്ഷമിക്കണം. പക്ഷേ അര്‍ഹതപ്പെട്ടവര്‍ അറിയാതെ പോകരുത് എന്നുള്ളത് കൊണ്ടാണ് ഇത് പരസ്യമാക്കുന്നത്”- സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
”നമുക്കറിയാം, കൊവിഡ് കാലത്ത് നിരവധി മാതാപിതാക്കള്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികളുടെ പഠനോപകരണങ്ങള്‍ വാങ്ങാനും അവര്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിക്കും അത് തടസപ്പെടാന്‍ പാടില്ല. ലേബര്‍ ഇന്ത്യ വേണമെന്ന് ആഗ്രഹിക്കുന്ന കുട്ടിക്ക് അത് ലഭിക്കാതെ പോകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ 10,000 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ ലേബര്‍ ഇന്ത്യ ഞങ്ങള്‍ സൗജന്യമായി നല്‍കും. അത് ഓണ്‍ലൈനായോ പ്രിന്റഡ് മാസികയായോ നല്‍കും. ഇത് സൗജന്യമോ ഔദാര്യമോ അല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലേബര്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ച, വളര്‍ത്തിയ കേരള സമൂഹത്തിന് ഈ കെട്ടകാലത്ത് ഞങ്ങള്‍ തിരികെ നല്കാന് ബാധ്യസ്ഥരാണ് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.” സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ത്തു.