തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടും. ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇതില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളും. അതേസമയം, മദ്യശാലകളും ഉടന്‍ തുറക്കില്ല.
ആപ്പ് വഴിയുള്ള മദ്യവില്‍പ്പന ആലോചനയിലില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു. കയര്‍, കശുവണ്ടി ഫാക്ടറികള്‍ 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്നത് അടക്കമുള്ള ഇളവുകള്‍ അനുവദിക്കും. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും.
മൊബൈല്‍, കണ്ണട കടകള്‍ക്കും അറ്റകുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ രണ്ട് തവണയായി ചൊവ്വ, ശനി ദിവസങ്ങളിലാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.
മൊബൈല്‍, കണ്ണട കടകള്‍ക്ക് പുറമേ ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍ക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവ് ബാധകമാവില്ല. ചകിരി, കയര്‍ നിര്‍മ്മാണ മേഖലയ്ക്കും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വുമണ്‍ ഹൈജീന്‍ സാധനങ്ങള്‍ വില്പന സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.