ചങ്ങരംകുളം: മുഴുവന്‍ സമയവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും സഹായത്തിലും മുന്നിലാണ് നിയാസ് എന്ന ചെറുപ്പക്കാരന്. തന്റെ ശാരീരിക വൈകല്യത്തേയും ദാരിദ്രത്തെയും കോവിഡിനെയും തോല്പിച്ചുകൊണ്ടാണ് നിയാസ് ജനങ്ങള്‍ക്കായി ഇറങ്ങിയത്.
കോവിഡ് ബാധിതനായ സമയത്തെ അനുഭവങ്ങള്‍ നല്കിയ തിരിച്ചറിവിലൂടെയാണ് നിയാസ് മുഴുവന്‍ സമയവും ഈ സേവനത്തിന് ഇറങ്ങിത്തിരിച്ചത്. ആലങ്കോട് ഉദുനുപറമ്പ് കാരാട്ടയില്‍ നിയാസ് ചങ്ങരംകുളത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് നിയാസ്.
ഉമ്മയുടെയും അനുജന്മാരുടെയും സഹോദരിമാരുടെയും ഏക ആശ്രയമായിരുന്ന നിയാസ് എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പത്ത് വര്‍ഷം മുമ്പ് എറണാകുളത്തുനിന്ന് പെരുന്നാളിന് വീട്ടിലേക്ക് വരും വഴി ട്രെയിനില്‍നിന്ന് ട്രാക്കില്‍ വീണ് ഇടതുകാല് മുട്ടിന് മീതെ മുറിഞ്ഞു വേര്‍പെടുകയായിരുന്നു.
എന്നാല്‍ കോവിഡ് ബാധിച്ച സമയത്ത് ഭീതിയോടെ ആരും എത്തിനോക്കാതെ വിശപ്പിനെ അറിഞ്ഞപ്പോള്‍ അപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ടതിനേക്കാള്‍ ദുഃഖമാണ് അനുഭവപ്പെട്ടതെന്ന് പറയുന്നു. ഇപ്പോള്‍ നഷ്ടങ്ങളൊന്നും വകവെക്കാതെ പരിമിതികളെ തോല്പിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
ആലങ്കോട് പഞ്ചായത്ത് ആറാം വാര്‍ഡിലെ ആര്.ആര്.ടി അംഗമായ നിയാസ് ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും സദാ സേവനസന്നദ്ധനായി രംഗത്തുണ്ട്. വാര്‍ഡിലെ ആവശ്യക്കാര്‍ക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചുനല്‍കാനും അടിയന്തരഘട്ടങ്ങളില്‍ ആശുപത്രികളിലെത്തിക്കാനും മറ്റും സദാ സന്നദ്ധനാണ്.