തിരൂരങ്ങാടി: സ്വന്തം സ്ഥലം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ വിട്ടുനല്‍കി മാതൃകയായി മലപ്പുറത്തെ ഒരു ജനപ്രതിനിധി. തെന്നല പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കളംവളപ്പില്‍ അബ്ദുല്‍ മജീദ് എന്ന കോറണാത്ത് മജീദാണ് തന്റെ സ്ഥലം വിട്ടുനല്‍കിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കന്നിയങ്കത്തിനിറങ്ങിയ മജീദ് അന്ന് പ്രകടനപത്രികയില്‍ നല്കിയ ഓരോ സ്ഥാപനങ്ങളും യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ സ്ഥലം നല്‍കിയത്. സ്ഥലം വിട്ട് നല്‍കിയതിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുല്‍ മജീദ് പറഞ്ഞു.
ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്കാണ് ആദ്യം മൂന്ന് സെന്റ് സ്ഥലം നല്‍കിയത്. ഇവിടെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് ലക്ഷം ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടക്കുകയാണ്. പി.എച്ച്.സി സബ് സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, പി.എസ്.സി പരിശീലന കേന്ദ്രം എന്നിവക്കായി ബഹുനില കെട്ടിടം നിര്‍മിക്കാന്‍ അഞ്ച് സെന്റ് വീണ്ടും നല്കി.
രണ്ട് സ്ഥലവും കൊടക്കല്ല് കുറ്റിക്കാട്ട്പാറ മൈത്രി റോഡിലാണ്. നിലവില്‍ തെന്നല കുറ്റിപ്പാലയിലാണ് പി.എച്ച്.സിയുള്ളത്. ഇവിടെയുള്ള ജനങ്ങള്‍ ഏറെ ദൂരം താണ്ടി വേണം അവിടെയെത്താന്‍. ഇത് കണക്കിലെടുത്താണ് സ്ഥലം വിട്ടുനല്‍കിയത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാവുന്നത് വരെ സ്വന്തം കെട്ടിടത്തിലെ മുറികള്‍ നിലവില്‍ സബ്സെന്റര്‍ തുടങ്ങാനും ആരോഗ്യവകുപ്പിന് വിട്ട് നല്‍കിയിട്ടുണ്ട്.
കോവിഡ് മഹാമാരിയില്‍ പാവപ്പെട്ടവര്‍ക്ക് കൈതാങ്ങായും അദ്ദേഹമുണ്ട്. സ്വന്തം വാര്‍ഡിലെ കിടപ്പുരോഗികള്‍ക്ക് വേണ്ടി സ്വന്തമായി ആബുലന്‍സ് വാങ്ങി. അഞ്ഞൂറോളം ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. വേനല്‍ മഴയില്‍ പ്രതിസന്ധിയിലായ കപ്പകര്ഷകരില് നിന്നും 4000 കിലോ കപ്പ വാങ്ങി വാര്‍ഡിലെ ജനങ്ങള്‍ക്ക് സൗജന്യമായി നല്കി കര്‍ഷകര്‍ക്ക് കൈതാങ്ങാവുകയും ചെയ്തു.
ജനപ്രതിനിധിയായി തെരഞ്ഞെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രകടനപത്രികയിലെ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. സൗദിയില്‍ ബിസിനസാണ് അബ്ദുല്‍ മജീദിന്. കളം വളപ്പില്‍ മുഹമ്മദ്-ഖദീജഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: അജ്മല്‍, ഖൈറുന്നീസ, അബ്ദുല്‍ വാജിദ്, മാജിദ സുല്‍ത്താന.