പൂന്തുറ: കടലില്‍ കാണാതായ കുടുംബനാഥന് വേണ്ടി പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും കാത്തരിക്കുകയാണ് കുടുംബവും പൂന്തുറയെന്ന മത്സ്യഗ്രാമവും. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെയാണ് വിഴിഞ്ഞത്ത് കടലില്‍ ജോസഫിനെ കാണാതായത്.
ഒരാപത്തും സംഭവിക്കാതെ ജോസഫ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ മേരിയും മക്കളായ സജിന്‍, സതീഷ്, സൗമ്യ എന്നിവരും. ‘കോവിഡും കടലാക്രമണവും കാരണം ദിവസങ്ങളായി കുടുംബം പട്ടിണിയിലായതിനെതുടര്ന്നാണ് പപ്പ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ പോയത്. ഇപ്പോള്‍ മത്സ്യം കിട്ടിയാല്‍ കൂടുതല്‍ വില കിട്ടുമെന്നും ചെറിയ പ്രയാസങ്ങള്‍ മാറാന്‍ തല്ക്കാലം അത് മതിയാകുമെന്ന പ്രതീക്ഷയിലായിരുന്നു’^മക്കള്‍ പറയുന്നു.
മകള്‍ പൊട്ടിക്കരയുന്ന കാഴ്ച്ച നോക്കിനില്‍ക്കുന്നവരുടെ കണ്ണുകളെപ്പോലും ഈറനണിയിക്കുന്നു. ജെലസ്റ്റിന്‍, സെല്‍വരാജ് എന്നിവര്‍ക്കൊപ്പമാണ് ജോസഫ് മത്സ്യബന്ധനത്തിനായി പോയത്. കാറ്റ് ശക്തമായതോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം പതിയെ വിഴിഞ്ഞത്തേക്ക് അടുപ്പിക്കാന്‍ ശ്രമം നടത്തി.
ഇതിനിടെ വള്ളം തീരക്കടലില്‍ മറിഞ്ഞു. ഇതോടെ വള്ളത്തില്‍നിന്ന് തെറിച്ചുവീണവര്‍ പലരും പലവഴിക്കായി നീന്തിത്തുടങ്ങി. ജെലസ്റ്റിന്‍, സെല്‍രാജ് എന്നിവരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ച് കരക്കെത്തിച്ചു. എന്നാല്‍ ജോസഫിനെ കാണാതാവുകയായിരുന്നു.