നന്ദു മഹാദേവയുടെ മരണവാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. അവസാന നിമിഷം വരെ കാന്‍സറിനോട് പൊരുതിയാണ് നന്ദു മഹാദേവ വിടവാങ്ങിയത്. മണ്ണടിഞ്ഞു പോകാത്ത ഓര്‍മ്മകളും മറക്കാത്ത പുഞ്ചിരിയും സമ്മാനിച്ച് നന്ദു മഹാദേവ പോയ് മറഞ്ഞു.
നന്ദുവിന്റെ ഓര്‍മ്മകളില്‍ സോഷ്യല്‍ മീഡിയയെ ഇപ്പോഴും കണ്ണീരണിയിക്കുകയാണ്. നന്ദുവിനെക്കുറിച്ച് ജ്യേഷ്ഠ തുല്യനായ ആന്റണി ജോയ് പങ്കുവച്ച കുറിപ്പാണ് വേദനയേറ്റുന്നത്. നന്ദുവിന്റെ പാതിവഴിക്കായ സ്വപ്നങ്ങളും പങ്കുവച്ച ആഗ്രഹങ്ങളും ആന്റണിയുടെ കുറിപ്പില്‍ വേദനയായി പങ്കുവയ്ക്കുന്നു.
ആന്റണി ജോയ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:
നന്ദുകുട്ടാ നീ icu ലേക്ക് മാറിയ അന്ന്, മെയ് 14 ന് അര്‍ദ്ധരാത്രി നിന്നെക്കുറിച്ചു ഓര്‍ത്തു വല്ലാത്ത അസ്വസ്ഥത തോന്നിയിട്ട് ഞാന്‍ എഴുന്നേറ്റു സമയം 1 മണി, സ്വാഭാവികമായി എല്ലാവരും ഉറങ്ങുന്ന സമയമായതിനാല്‍ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുക അസാധ്യമായതിനാല്‍ അച്ഛന്റെ നമ്പറിലേക്ക് msg അയച്ചു, icu ന് പുറത്തു കൂട്ടിരിക്കുന്ന അച്ഛന് എന്തെങ്കിലും കാരണവശാല്‍ ഉറങ്ങാന്‍ വൈകുക ആണെങ്കില്‍ സാഹചര്യം അറിയാമല്ലോ എന്ന ആഗ്രഹം, കുറേ നേരം ഫോണും പിടിച്ചു ഇരുന്നു എന്നിട്ട് മനസില്ലാ മനസ്സോടെ ഞാന്‍ കിടന്നു.
രാവിലെ എന്റെ സുഹൃത്ത് സുജാത ചേച്ചിയുടെ Sujatha P R ഫോണ്‍ കോള്‍ കേട്ടിട്ടാണ് ഞാന്‍ എഴുന്നേറ്റത്, അത്ര വെളുപ്പിന് ഒരു വിളി തീരെ പതിവില്ലാത്തതാണല്ലോ എന്തുപറ്റി എന്നു ചിന്തിച്ചുകൊണ്ടു ഞാന്‍ ഫോണ്‍ എടുത്തു, നിന്റെ അപ്രതീക്ഷിതമായ വിയോഗം അറിയിച്ചിട്ട് സങ്കടത്തോടെ ചേച്ചി ഫോണ്‍ വെച്ചു.
കോരിച്ചൊരിയുന്ന മഴ, കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആളുകള്‍ കൂടാന്‍ പാടില്ലാത്ത സമയം. എന്തെല്ലാം ആണെങ്കിലും നിന്നെ അവസാനമായി ഒന്ന് കാണാതിരിക്കാന്‍ പറ്റാത്ത അവസ്ഥ, എന്താണ് ചെയ്യേണ്ടത് എന്നൊരു പിടിയുമില്ലാതെ ഞാന്‍ മുറിയില്‍ കയറി, മാര്‍ച്ച് 2 ന് നിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ വന്നപ്പോള്‍ നീ എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നില്ലേ…
ആ ഫോട്ടോ ലാപ്പ്ടോപ്പില്‍ നിന്നും എടുത്തു കണ്ടു, നിയന്ത്രിക്കാന്‍ കഴിയാതെ ഞാന്‍ കരഞ്ഞു, എനിക്കറിയാം കരയുന്നത് നിനക്കിഷ്ടമില്ലെന്ന് പക്ഷെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെടോ. Fb യില്‍ നിന്നെക്കുറിച്ചു എന്തെല്ലാമോ എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല, 3-4 വരികള്‍ കുറിച്ചിട്ട് ഞാന്‍ വേഗം കുളിച്ചു വസ്ത്രങ്ങള്‍ മാറി നിന്നെ അവസാനമായി കാണാന്‍ വേണ്ടി വണ്ടിയെടുത്ത് ഇറങ്ങി,
‘മോന് നമ്മളെ വിട്ട് പോയി’ എന്നൊരു മറുപടി അച്ഛന് രാവിലെ അയച്ചിരുന്നു, ഞാന്‍ തലേദിവസം അയച്ചതിന് മറുപടിയായി എന്റെ അനിയത്തിക്കുട്ടി ശില്പമോള് Shilpa John നിന്നെ ചികില്സിക്കുന്ന MVR ആശുപത്രിയില്‍ ഉള്ളകാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ, നിങ്ങള്‍ തമ്മില്‍ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നല്ലോ. അവളെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു, കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ആദര്‍ശിന്റെ Adersh Tc നമ്പറും അവള് അയച്ചു തന്നു.
കളന്‍തോടുള്ള നിന്റെ വീട്ടിലേക്ക് കാര്‍ ഓടിക്കുമ്പോഴെല്ലാം ഇടയ്ക്കിടെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞൊഴുകി. ;ഏട്ടോ ഞാന്‍ തിരുവനന്തപുരത്തുനിന്നും തിരിച്ചു വന്നു കഴിയുമ്പോള്‍ ഏട്ടനും ചേച്ചിയും മക്കളെയും കൂട്ടി വരണം, നമുക്ക് കറങ്ങാന്‍ പോകണം, എന്ന നിന്റെ വാക്കുകള്‍ ചെവിയില്‍ ആവര്‍ത്തിച്ചു മുഴങ്ങുന്നുണ്ടായിരുന്നു.
അവസാനത്തെ ചടങ്ങുകള്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ആണെന്നും, MVR ല്‍ നിന്നും നേരിട്ട് അങ്ങോട്ട് കൊണ്ടുപോകുമെന്നും ആദര്‍ശാണ് പറഞ്ഞത്, വീട്ടില്‍കയറാതെ നേരെ അങ്ങോട്ട് വരിക ആണെന്നും ദയവായി അത്രനേരം കൂടി നില്‍ക്കാമോ എന്നും ചോദിച്ചിട്ട് ഞാന്‍ നേരെ ആശുപത്രിയിലേക്ക് ആണ് വന്നത് ട്ടോ.
അവിടെ എത്തിയപ്പോള്‍ അച്ചനും അനന്തുവും Ananthu Anjaneyaa ജസ്റ്റിനും Justin PA ആദര്‍ശും ഒക്കെ ഉണ്ട്, നിനക്ക് അവസാനമായി യാത്രചെയ്യാനുള്ള ആംബുലന്‍സിലേക്ക് കയറ്റുന്നതിന് മുന്‍പ് മോര്‍ച്ചറിയില്‍ കയറി അവസാനമായി കണ്ടു, ഏട്ടോ എന്നു വിളിക്കാതെ നിശ്ചലമായി നീ കിടക്കുന്നത് കാണേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോകുവാണ്, ചിരിച്ച മുഖം മതിയായിരുന്നു ഉള്ളില്‍.
വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ ധനേഷിന്റെ Dhanesh Mukundhan നേതൃത്വത്തില്‍ കാര്യങ്ങളെല്ലാം ക്രമീകരിച്ചിരുന്നു, കുളിപ്പിച്ചു, ഭസ്മവും ചന്ദനവും തൊടീച്ചു കിടത്തിയ നിന്നെ സ്ട്രക്ച്ചറിലേക്ക് എടുത്തുകിടത്തി രാമച്ചം വിരിച്ച അവസാനത്തെ കിടക്കയിലേക്ക് എടുത്തു നടന്നപ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു, വെറും 27 വയസ്സുവരെയേ ജീവിച്ചുള്ളൂ എങ്കിലും എത്ര ആയിരക്കണക്കിന് ആളുകളെയാണ് നീ പ്രചോദിപ്പിച്ചത്, നുറുങ്ങുന്ന വേദനകള്‍ക്കിടയിലും പുഞ്ചിരിയോടെ അല്ലാതെ ആരും നിന്നെ കണ്ടിട്ടേയില്ലല്ലോ.
ഏതു പ്രതിസന്ധിയിലും സന്തോഷത്തോടെ ഇരിക്കണമെന്ന് നീ ജീവിതത്തിലൂടെ കാണിച്ചുതന്നല്ലോ. നിരവധി സ്വപ്നങ്ങള്‍ മോന് പങ്കുവെച്ചിരുന്നില്ലേ? ഒരു പരിശീലകന് ആകണം, എത്രയോ കുട്ടികള്‍ ലക്ഷ്യമില്ലാതെ അലയുകയും നിരവധി കുഴികളില്‍ ചാടുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ഒരു പരിശീലകന് ആയാല്‍ നിനക്ക് സാധിക്കും എന്ന സ്വപ്നം പങ്കുവെച്ചിട്ട് പിന്നെന്തിനാ മോനെ ഇത്ര തിരക്കിട്ട് പോയത് ?
എനിക്ക് ഒരു പുസ്തകം എഴുതണം ഏട്ടോ, ഞാന്‍ എഴുതി തുടങ്ങിയിട്ടുണ്ട് വേഗം പൂര്‍ത്തിയാക്കണം… ഇതായിരുന്നല്ലോ ഞാന്‍ എന്റെ പുസ്തകങ്ങള്‍ നിനക്ക് നല്കിയപ്പോള് നീ പറഞ്ഞ ആഗ്രഹങ്ങളില്‍ മറ്റൊന്ന്, അനേകം ആളുകളിലേക്ക് പ്രചോദനം ഒഴുകിയെത്തുന്ന പുസ്തകം വേഗം പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും വേദന കാരണം പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വോയ്സ് ആയി റെക്കോര്‍ഡ് ചെയ്താല്‍ പകര്‍ത്തിയെഴുതി തരാമെന്ന് പറഞ്ഞപ്പോള്‍ ഇല്ല ഏട്ടാ ഞാന്‍ തന്നെ എഴുതിയാലേ ശരിയാകുള്ളൂ എന്നല്ലേ നീ പറഞ്ഞത്, ശരിയാണ് ഓരോ വരികളിലുമുള്ള തിരുത്തലുകള്‍ അപ്പപ്പോള്‍ തിരുത്തി മുന്നോട്ട് പോകുമ്പോഴേ എഴുത്തിന്റെ ഒഴുക്ക് കിട്ടുകയുള്ളൂ എന്നതിനാല്‍ സമ്മതം മൂളി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷെ…
അതിജീവനത്തിലെ ആളുകളെ ഒരുമിച്ചുകൂട്ടി ഒരു സംഗമം വെക്കണം ഏട്ടാ എന്നു പറഞ്ഞതല്ലേ? വിപുലമായ പരിപാടി തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ ഉടനെ നടത്തണം എന്നും പറഞ്ഞിട്ട് വീണ്ടും വന്ന ഒരു ലോക്ക് ഡൗണിന്റെ ഇടയില്‍ കോരിച്ചൊരിയുന്ന മഴയുള്ള നാളില്‍ കൂടുതല്‍ ആരെയും കാണാന്‍ സമ്മതിക്കാതെ തിരക്കിട്ട് പോകണമായിരുന്നോ ഡാ ?
എപ്പോഴാ നമ്മള് പോകുക എന്നറിയില്ല, ജീവിച്ചിരിക്കുമ്പോള്‍ പുകയാതെ ജ്വലിക്കണം, അവസാനമായി കാണാന്‍ കഴിയണമെന്ന് ഉറപ്പില്ലാത്തതിനാല്‍ എല്ലാവരെയും സ്നേഹിച്ചു ജീവിക്കണം, എന്നെല്ലാമുള്ള പ്രധാന പാഠങ്ങള്‍ അവസാനയാത്രയിലും നീ ഞങ്ങളെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ല്ലേ നന്ദുക്കുട്ടാ
കുറേദിവസമായി ഞാന്‍ ഈ കുറിപ്പ് എഴുതാന്‍ ആഗ്രഹിക്കുന്നു, പക്ഷെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല, ഇന്നും ഇതു പൂര്‍ണ്ണമല്ല, വെറും മൂന്ന് മാസമാണെങ്കിലും ഓര്‍ക്കാന്‍ അത്രമാത്രം ഓര്‍മ്മകള്‍ ആണല്ലോ നീ നല്‍കിയത്.
മോനേ നീ പറഞ്ഞ 3 സ്വപ്നങ്ങളില്‍ ആദ്യത്തെതില്‍ എനിക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ….
രണ്ടും മൂന്നും സ്വപ്നങ്ങള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധിക്കില്ല എങ്കിലും പരമാവധി നീതിപുലര്ത്തികൊണ്ടു പൂര്‍ത്തിയാക്കുവാന്‍ ഉറപ്പായും ശ്രമിക്കും, അതുമാത്രമല്ലേ ഇനി നിനക്ക് വേണ്ടി ചെയ്യാന്‍ കഴിയുള്ളൂ…
നന്ദുവിന്റെ അമ്മ ലേഖ ചേച്ചിയെയും അച്ഛന് ഹരി ചേട്ടനെയും അനിയന് അനന്തുവിനെയും അനിയത്തി സായ് കൃഷ്ണയെയും ഓര്‍ക്കാതെ പോസ്റ്റ് അവസാനിപ്പിക്കാന്‍ സാധിക്കില്ല.
വേദനകൊണ്ട് പുളയുമ്പോഴും മരുന്നുകളുമായി മല്ലിടുമ്പോഴും നിരവധി കീമോ ശരീരത്തില്‍ കയറുമ്പോഴും ധൈര്യത്തോടെ എല്ലാം നേരിടുവാന്‍ നന്ദുവിനെ സഹായിച്ചതില്‍ കുടുംബത്തിന്റെ അസാധാരണമായ ഇടപെടലുകള്‍ക്ക് വലിയൊരു പങ്കുണ്ട്.
നിരവധി കുടുംബങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാണീ കുടുംബം, നേരില്‍ കാണാനും കുടുംബത്തിന്റെ സുഹൃത്തായി മാറാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അവസാന നാളുകളില്‍ നീ പറഞ്ഞപോലെ, നിന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ആളുകള്‍ ഒരിക്കലും തളരാതിരിക്കട്ടെ, എന്നെക്കൊണ്ടു കഴിയുന്ന തരത്തില്‍ അതിജീവന കൂട്ടായ്മയുടെ പ്രവര്‍ത്തനത്തില്‍ ഞാനുമുണ്ടാകും…
നന്ദുമോനെ
സ്നേഹപൂര്‍വ്വം,
നന്ദുവിന്റെ ചേട്ടന്