വളാഞ്ചേരി: ‘സാറേ… ഇവിടൊരാള് ആത്മഹത്യക്ക് ശ്രമിക്കുന്നു, പെട്ടന്ന് വരണേ…’ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇങ്ങനെ ഒരു ഫോണ്‍ വന്നു. മറ്റൊന്നും നോക്കാന്‍ നില്‍ക്കാതെ വളാഞ്ചേരി ഇന്‍സ്പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ വന്ന ഇരിമ്പിളിയം പഞ്ചായത്തിലെത്തി.
കാഴ്ചകണ്ട് പോലീസുകാര്‍ ആദ്യമൊന്നു പകച്ചു. ഇരുപതുകാരിയായ വീട്ടമ്മ ആത്മഹത്യാ ഭീഷണിമുഴക്കി നാട്ടുകാരെയും വീട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരും തമ്മിലുണ്ടായ നിസ്സാരമായ പ്രശ്നത്തില്‍ യുവതി ഒന്ന് ‘ഭീഷണിപ്പെടുത്തി’യതാണ്.
പൊലീസ് സംഘം ഇവരെ സമാധാനിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തതോടെ യുവതി ആത്മമഹത്യ ഭീഷണി പിന്‍വലിച്ചു. അതിന് പിന്നാലെ പൊലീസ് ഇന്‍സ്പെക്ടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോഴാണ് ഇവരുടെ ജീവിത സാഹചര്യം വളരെ പരിതാപകരമാണെന്ന് മനസ്സിലായത്.
അഞ്ചംഗ കുടുബം താമസിക്കുന്നതിന് ഒരു ഷെഡിലാണ്. ലോക്ക്ഡൗണ്‍ കാരണം ജോലിക്ക് പോകാനാകാതെ വീട്ടുകാരന്. വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയല്‍വാസികള്‍ക്കും ഇതേ അവസ്ഥ. തിരിച്ചു പോയ വളാഞ്ചേരി പൊലീസ് വൈകിട്ട് വീണ്ടും അവിടെയെത്തിയത് രണ്ടാഴ്ചക്കാലം ഇവര്‍ക്ക് കഴിയാനുള്ള ഭക്ഷണ കിറ്റുമായാണ്.
അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ ഭക്ഷണകിറ്റുകള്‍ സംഘടിപ്പിക്കുകയായിരുന്നുവെന്ന് വളാഞ്ചേരി ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ പറഞ്ഞു. ലോക് ഡൗണുമായി ബന്ധപ്പെട്ട് ധാരാളമാളുകള്‍ ഇത്തരത്തില്‍ കഴിഞ്ഞുകൂടുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളും ഇക്കാര്യം കൂടി പരിഗണിക്കണമെന്നും പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.