ആലപ്പുഴ: ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് ബാധിതരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി. വണ്ടാനം മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലിസിലും പരാതി നല്കി.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പരാതികള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ മൊബൈല്‍ ഫോണും പേഴ്സും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ആനി ജോസഫിന്റെ 5 പവന് സ്വര്‍ണം, പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ 6 പവന് സ്വര്‍ണം, ഹരിപ്പാട് സ്വദേശി ലിജോ ബിജുവിന്റെ പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.