എടപ്പാള്‍: അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ നുകരാന്‍ ശ്രമിക്കുന്ന വെരുകിന് കുഞ്ഞുങ്ങള്‍ നൊമ്പരക്കാഴ്ചയായി. മലപ്പുറം ജില്ലയിലെ നടുവട്ടം-നെല്ലിശ്ശേരി റോഡില്‍ വാഹനമിടിച്ച് ചത്ത കാട്ടുവെരുകിന്റെ നാല് കുഞ്ഞുങ്ങളാണ് കാഴ്ചക്കാരില്‍ നോവ് പടര്‍ത്തിയത്.
കഴിഞ്ഞദിവസം രാത്രിയാണ് അമ്മ വെരുക് വാഹനമിടിച്ച് ചത്തത്. കുഞ്ഞുങ്ങളുമായി ഇരതേടാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ചെമ്പേലവളപ്പില്‍ റഫീഖിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച രാവിലെ തലക്ക് ക്ഷതമേറ്റ് പ്രാണനറ്റ് വെരുകിനെ കണ്ടത്.
റോഡരികിലെ വെള്ളമൊഴുകിപ്പോകുന്ന കാനയില്‍ നിന്ന് കരച്ചില് കേട്ടതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ മഴയില്‍ നനഞ്ഞ് അവശരായിക്കിടക്കുന്ന വെരുകിന് കുഞ്ഞുങ്ങളേയും കാണുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ മൃഗസംരക്ഷകനായ ശ്രിജേഷ് പന്താവൂരിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അമ്മ വെരുകിനെ കുഞ്ഞുങ്ങള്‍ പതിഞ്ഞിരിക്കുന്ന കാനയുടെ സ്ലാബിന് സമീപത്തേക്ക് മാറ്റുകയുമായിരുന്നു.
മുറ്റത്ത് അമ്മ വെരുകിനെ കണ്ടതോടെ കുഞ്ഞുങ്ങള്‍ അടുത്തേക്ക് ഓടിയെത്തി. ജീവന് നഷ്ടപ്പെട്ടതറിയാതെയുള്ള അവയുടെ തൊട്ടുരുമ്മലും സ്നേഹപ്രകടനവും അമ്മിഞ്ഞ നുകരാനുള്ള വിശപ്പോടെയുള്ള ആര്‍ത്തിയും ഹൃദയഭേദകമായ കാഴ്ചയായി.
കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി പിടികൂടുന്നതിന് വേണ്ടി ശ്രീജേഷ് പന്താവൂരും സഹായിയും സ്ഥലത്തെത്തിയെങ്കിലും പുല്‍പ്പടര്‍പ്പുകള്‍ മൂടിയ കാനയില്‍ കുഞ്ഞുങ്ങള്‍ ഓടിയൊളിച്ചതോടെ ശ്രമം വിഫലമാവുകയായിരുന്നു.