മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്ജുന്, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന് എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ്, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന് സസിന് ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റു മറ്റ് മലയാളികള്‍.
ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ 49 പേര് മരിച്ചു. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത്തി ഏഴ് പേരെ കണ്ടെത്താനായിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ബാര്‍ജിന്റെ ക്യാപ്റ്റന്‍ വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലില്‍ ക്യാപ്റ്റനെതിരേ കേസെടുത്തിരുന്നു.
മുംബൈയ്ക്ക് 35 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകട സമയത്ത് ബാര്‍ജ്ജ് ഉണ്ടായിരുന്നത്. ജീവനക്കാരുള്‍പ്പെടെ മൊത്തം 261 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 186 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.