മലപ്പുറം: ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും ജില്ലയിലെ കൊവിഡ് പോസിറ്റീവ് കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 30 ശതമാനത്തിന് മുകളില്‍ തന്നെ തുടരുന്നു. ഇന്നലെ 37.14 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചതോടെ ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന് പറഞ്ഞു. ലോക്ക്ഡൗണ്‍ തുടങ്ങിയ 8 മുതല്‍ 20 വരെ 13 ദിവസത്തിനിടെ 56,479 പേരാണ് ജില്ലയില്‍ പോസിറ്റീവ് ആയത്. 2 ദിവസം 5000ന് മുകളിലായിരുന്നു പ്രതിദിന കണക്ക്. സമ്പര്‍ക്കം കൂടുന്നതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം.
ലോക്ഡൗണിനു പുറമെ ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. ജില്ലാ ഭരണകൂടം കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ഇന്ന് കലക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധനയും നടത്തി. അതേസമയം ആശ്വസകരമായി രോഗം നെഗറ്റീവ് ആകുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ വര്‍ധനയുണ്ട്.
കഴിഞ്ഞ 2 ദിവസങ്ങളിലും 5000ന് മുകളിലാണ് നെഗറ്റീവ് ആയവരുടെ എണ്ണം. ഇതോടെ കോവിഡ് മുക്തരുടെ എണ്ണം 2 ലക്ഷം പിന്നിട്ടു എന്ന ആശ്വാസവുമുണ്ട്. ജില്ലയില്‍ ഇതുവരെ 2,50,670 പേര് പോസിറ്റീവ് ആയപ്പോള്‍ 2,00,878 പേര് നെഗറ്റീവ് ആയി. നിലവില്‍ 49,245 പേര് ചികിത്സയിലുണ്ട്. ആകെ മരണം: 772.