തൃശ്ശൂര്‍: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഒരു ദയയുമില്ലാതെ ഇതിനോടകം നിരവധി പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ഒരു വയസുകാരനില്‍ നിന്നും നിര്‍ദാക്ഷിണ്യം അവന്റെ അച്ഛനേയും അമ്മയേയും പറിച്ചെടുത്ത വിധിയെക്കുറിച്ച് കണ്ണീരോടെ കുറിക്കുകയാണ് സുദീപ് ചാലക്കുടി.
അലനെന്ന പൊന്നുമോനെ തനിച്ചാക്കിയുള്ള ഇരുവരുടേയും മടക്കം എത്രകമാത്രം വേദന നിറഞ്ഞതാണെന്ന് സുദീപിന്റെ കുറിപ്പില്‍ വ്യക്തം. ഫേസ്ബുക്കിലാണ് റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ സുധീപ് കുറിപ്പ് പങ്കുവെച്ചത്.
ഫേസ്സ്ബുക്ക് കുറിപ്പ് വായിക്കാം
ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇട ചേര്ന്നെന് ഹൃദയം പുതു പുളകങ്ങള്‍ ചൂടി
ചുടു നെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി…..
സ്കൂള്‍ കലോത്സവ വേദിയില്‍ നിന്ന് വയലാറിന്റെ സര്‍ഗ്ഗസംഗീതം ഒഴുകി വന്നപ്പോള്‍ ഓടി ചെന്ന് നോക്കി.. ക്ലാസ്സില്‍ പുതുതായി ചേര്‍ന്ന തടിയന് സുഭാഷ് കണ്ണടച്ച് പാടുകയാണ്… ഹൃദയത്തിലേക്ക് പാട്ട് മാത്രമല്ല അവന് കൂടി അന്ന് കയറി കൂടി. ഇന്ന് കോവിഡിന് കീഴടങ്ങി പ്രജ്ഞയറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ അവന് എവിടേയോ കിടപ്പുണ്ട്. കൃത്യം രണ്ടാഴ്ച മുമ്പ് രാവിലെ അവന്റെ കോള്‍ വന്നു.. അമ്മയെ കോവിഡ് ടെസ്റ്റ് ചെയ്യിക്കാന്‍ രജിസ്ട്രേഷന് ക്യൂവില്‍ നിന്ന് ഞാന്‍ അവന്റെ വിറയാര്‍ന്ന ശബ്ദം കേട്ടു.ടാ ജിജി പോയി’. അതിനും രണ്ട് ദിവസം മുന്‍പാണ് അവന് വിളിച്ച് പറഞ്ഞത് അവള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം. ശ്വസിക്കാന്‍ പാടുപെട്ട അവളെ ആംബുലന്‍സില്‍ വേപഥുവോടെ അവന് ചേര്‍ത്ത് പിടിച്ചെങ്കിലും അവളങ്ങ് പോയി. ഒരേയൊരു മകനെ ഒരു നോക്ക് കാണിക്കാന്‍ മാത്രം ക്രിമേഷന്‍ ഗ്രൗണ്ടിലേക്ക് പോകും വഴി ആംബുലന്‍സ് നിര്‍ത്തി.. ഒച്ചയsഞ്ഞ് ക്ഷീണിച്ച് തളര്‍ന്ന അവനെ ചേര്‍ത്തു പിടിക്കാന്‍ കഴിയാതെ ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ ഞാന്‍.. പിറ്റേന്ന് അവനും ഹോസ്പ്പിറ്റലിലേയ്ക്ക്…
കൂടിയ ബ്ലഡ് ഷുഗറും പ്രഷറും മുറിവേറ്റ മനസ്സുമായി ദിവസങ്ങളോളം വെന്റിലേറ്റര്‍ സഹായത്തോടെ അവന്… നിശ്ചലമായി അവന്റെ സെല്‍ ഫോണ്‍.. രാവിലേയും വൈകീട്ടും ഹോസ്പിറ്റല്‍ അപ്ഡേറ്റിനായുള്ള കാത്തിരിപ്പ്.. ഒടുവില്‍ അലന് മോനെ തനിച്ചാക്കി അവനും അവളോട് ചേര്‍ന്നു. സുഭാഷ് എന്നത് വെറുമൊരു പേരല്ല.. സൗഹൃദവും സ്നേഹവും സാഹോദര്യവും എല്ലാം ഇഴ ചേര്‍ന്ന ഒരു വികാരമായിരുന്നു അത്.. ചേതനയറ്റ നിന്നെ എനിക്ക് കാണണ്ട. കഷ്ടതകളും യാതനകളും മാത്രം അനുഭവിച്ച നീ ഇനി അവളോടൊപ്പം സന്തോഷമായി വാഴുക.. നിനക്ക് മരണമില്ല പ്രിയ സുഹൃത്തേ.. പഴയതിനേക്കാള്‍ പതിന്മടങ്ങ് നീയെന്റെ ജീവിതത്തില്‍ ജ്വലിച്ചു കൊണ്ടേയിരിക്കും.. നീയാണ് യഥാര്‍ത്ഥ സുഹൃത്ത്.. നീ തന്നെയാണ് സൗഹൃദവും…