പുതിയതെരു: ദേശീയപാതയില്‍ പുതിയതെരു ധനരാജ് ടാക്കീസിന് മുന്നില്‍ പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടകളിലേയ്ക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് അപകടം നടന്നത്.
നിസ്സാര പരുക്കേറ്റ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി കതിരവന്‍ (42) ചികിത്സ തേടി. പാചക വാതകമില്ലാത്ത ഒഴിഞ്ഞ ടാങ്കറായതിനാല്‍ കൂടുതല്‍ അപകടത്തിലേയ്ക്ക് വഴിവെച്ചില്ല. ദേശീയപാതയോരത്തെ മൂന്നു കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. താഴത്തെ നിലയിലുള്ള തലശ്ശേരി ഹോട്ടലും ലോട്ടറി കടയും പൂര്‍ണ്ണമായും തകര്‍ന്നു. കടകളിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.
ചേളാരിയില്‍ നിന്നു മംഗളൂരുവിലേക്ക് പാചകവാതകം നിറയ്ക്കാന്‍ പോകുന്നതിനിടെയാണ് അപകടം. ലോറിയുടെ കാബിനും ഭാഗികമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം.