കൊച്ചി: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കാറ്റിലും കേരളത്തില്‍ പല ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്.
ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുകയുണ്ടായി. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ വീണ്ടും ഇത് മഴ ശക്തമാക്കും. സംസ്ഥാനത്തെ കാലവര്‍ഷത്തിന്റെ വരവ് ഇത് നേരത്തെയാക്കാനും ഇടയാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്ന പേരാവും നല്‍കുന്നത്. മേയ് 31ന് കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവചനം. ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ത്തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് നാശനഷ്ടങ്ങളേറെയും സംഭവിച്ചത്. അതിശക്തമായ കടലാക്രമണത്തെത്തുടര്‍ന്ന് പലരുടെയും വീടുകള്‍ നശിച്ചു.