കാസര്‍കോട്: ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലുംഭക്തി ഗാനങ്ങള്‍ ഉച്ചഭാഷിണിയില്‍ വയ്ക്കുന്ന പതിവുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഉച്ചഭാഷിണിയിലൂടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു ക്ഷേത്രത്തിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
കാസര്‍കോട്ടെ ഒരു ക്ഷേത്രത്തിലാണ് കോവിഡ് കാലത്ത് ഭക്തി ഗാനങ്ങള്‍ക്ക് പകരം പൊതുജനങ്ങള്‍ക്കായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേള്‍പ്പിക്കുന്നത്. ചെറുവത്തൂര്‍ പഞ്ചായത്തും ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് ക്ഷേത്രത്തിന്റെ കോവിഡ് ബോധവല്‍ക്കരണം.
വടക്കേ മലബാറിലെ പ്രധാന കഴക ക്ഷേത്രമാണ് ചെറുവത്തൂര്‍ തുരുത്തിയിലുള്ള നിലമംഗലത്ത് ഭഗവതി ക്ഷേത്രം. സന്ധ്യാ ദീപം തെളിയിക്കുന്ന നേരം ദേവി സ്തുതികളും കീര്‍ത്തനങ്ങളും മുഴങ്ങിയിരുന്ന ഇവിടെയിപ്പോള്‍ കേള്‍ക്കുന്നത് ഇത്തരം കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളാണ്.
പഞ്ചായത്തിന്റെയും ജാഗ്രതാ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ സംക്രാന്തി ദിനങ്ങളിലാണ് പ്രധാനമായും പൂജകള്‍ നടക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണത്തെ പൂജകള്‍ മാറ്റിവച്ചിരിക്കുകയാണ്. നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള ഓരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും കോവിഡ് മാര്‍ഗ# നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണി വഴി പ്രചരിപ്പിക്കുന്നുണ്ട്.