കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ഭീമമായ തുക ആവശ്യപ്പെട്ട് കോട്ടയത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് ഏജന്‍സി. മൃതദേഹം സംസ്കരിക്കാന്‍ 20000ത്തോളം രൂപ വേണമെന്നാണ് സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് ഏജന്‍സിയിലെ ജീവനക്കാരന് മരിച്ചയാളുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള മുട്ടമ്പലം ശ്മശാനത്തില്‍ സംസ്കരിക്കാനാണ് ഭീമമായ തുക ആവശ്യപ്പെട്ടത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം നാട്ടകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭയ എന്ന സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് ഏജന്‍സിയിലെ ജീവനക്കാരനാണ് വലിയ തുക ആവശ്യപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് 11 കിലോ മീറ്റര്‍ മാത്രം ദൂരെയുള്ള മുട്ടമ്പലം ശ്മശാനത്തില്‍ സംസ്കരിക്കാനാണ് മൃതദേഹം വച്ചുള്ള ഈ വിലപേശല്‍. രണ്ട് ദിവസം മുന്‍പ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇവര്‍ വാങ്ങിയത് 22000 രൂപയാണ്.
ചിതാഭസ്മത്തിന് 500 രൂപ വേറെയും വാങ്ങും. പിപിഇ കിറ്റും പരമാവധി ആയിരും രൂപയും മാത്രമാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ വേണ്ട ചിലവ്. അങ്ങനെയിരിക്കെയാണ് ഈ തീവെട്ടിക്കൊള്ള. വിഷയത്തില്‍ ജില്ലാ ഭരണം കൂടം ഇടപെട്ടിട്ടുണ്ട്.