തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും കണ്ടെത്തി. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് രോഗബാധ അസാധാരണമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകള്‍ എന്നിവയിലൂടെ പടര്‍ന്ന് തലച്ചോറിലെത്തിയാണ് മരണകാരിയാകുന്നത്.
പ്രമേഹ രോഗികളിലും രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) കൂടുതലായും കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇതര രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്.
കൊവിഡ് വരുന്നതിന് മുമ്പും ഇത്തരത്തിലുള്ള ഫംഗസ് ബാധ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ സാമ്പിളുകളെടുത്ത് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മുക്കന്നൂരിലുള്ള സ്ത്രീക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു. അങ്കമാലിയിലെ ആശുപത്രിയില്‍ വെച്ചാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.