കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ 1000 ഓക്സിജന്‍ കിടക്കകളുള്ള പുതിയ കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കാന്‍ തീരുമാനമായി.
ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 ടെന്റുകള്‍ സ്ഥാപിച്ചാണ് 1000 കിടക്കകള്‍ തയ്യാറാക്കുക.പി പി പി മാതൃകയിലായിരിക്കും ചികിത്സാ കേന്ദ്രമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ബി പി സി എല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന 500 കിടക്കകള്‍ ഉള്ള ആശുപത്രിയെ കൂടാതെയാണ് പുതിയ സൗകര്യമൊരുക്കുന്നത്.
ജില്ലാ കളക്ടറുടെ പോസ്റ്റ്
പ്രതിസന്ധികളെ അവസരമാക്കുന്ന ജനതയാണ് നാമെന്ന് പ്രളയകാലം മുതല്‍ തെളിയിച്ചതാണ്. കോവിഡിനെതിരായ പോരാട്ടത്തിലും നമ്മുടെ ജില്ല അത്തരം ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമെന്ന് പറയാവുന്ന പല മാതൃകകളും നാം സൃഷ്ടിച്ചു. എഫ് എല്‍ ടി സി കളും സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള വിസ്കും ഓക്സിജന്‍ വാര് റൂമും എറണാകുളത്ത് നിന്നാണ് മറ്റിടങ്ങളിലേക്ക് പകര്‍ത്തിയത്. ഇവയത്രയും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.
രാജ്യത്തിനാകെ മാതൃകയായി, രാജ്യത്താദ്യമായി പുതിയൊരു മാതൃക കൂടി നാം സൃഷ്ടിക്കുകയാണ്. അതിനു നിമിത്തമാകാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. കോവിഡ് ചികിത്സ സൗകര്യം വിപുലപ്പെടുത്തുന്നതിനായി ബി പി സി എല്‍ ക്യാമ്പസ്സില്‍ 1000 ഓക്സിജന്‍ കിടക്കകള്‍ ഉള്ള ഒരു താല്‍ക്കാലിക ആശുപത്രി തുടങ്ങുന്നതിനെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നല്ലോ. ബി പി സി എല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന 500 കിടക്കകള്‍ ഉള്ള ആശുപത്രിക്കു പുറമെയാണിത്.
ഈ ആശുപത്രി പൂര്‍ത്തിയാകുമ്പോള്‍ പുതിയൊരു മാതൃകയും സൃഷ്ടിക്കപ്പെടും. 35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 ടെന്റുകള്‍ സ്ഥാപിച്ചാണ് 1000 കിടക്കകള്‍ തയ്യാറാക്കുക.പി പി പി മാതൃകയിലാണ് ആശുപത്രി ഒരുക്കുന്നത്. അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ഒരുക്കും. ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ബി പി സി എല്‍ ആണ് നിര്‍വഹിക്കുക. കിടക്കകള്‍ സ്വകാര്യ ആശുപത്രികളും തയ്യാറാക്കും. നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി 2 ഉപസമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.ഈ ആശയത്തിന് പൂര്‍ണ്ണ പിന്തുണ നല്കിയ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു. ഓരോ ദിവസവും വര്‍ധിക്കുന്ന ചികിത്സ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ദ്രുതവേഗത്തില്‍ ഈ ആശുപത്രി നിര്‍മ്മിക്കുന്നത്.
ഈ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വന്‍ വെല്ലുവിളികളാണ് മുന്നിലെത്തിയത്. അവയൊക്കെയും തട്ടിമാറ്റി നാം മുന്നോട്ടു പോവുകയാണ് . ഒന്നേകാല്‍ വര്‍ഷത്തിലേറെയായി നാം ഈ പോരാട്ടം തുടങ്ങിയിട്ട്. വരണ്ടതും ദുരിതമയവുമായ ഈ കാലം, അതേസമയം തന്നെ നമുക്കുമുന്നില്‍ അത്ഭുതങ്ങളുടെ ജാലകം തുറന്നിട്ടുമുണ്ട്.
ഇവിടെയും നാം പുതിയൊരു ചരിത്രമെഴുതും തീര്‍ച്ച.