പരവൂര്‍: പൂതക്കുളം കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഞ്ഞൂറിലധികം വയോധികര്‍ തടിച്ചു കൂടി. കൊവിഡ് വാക്സിന് തീര്‍ന്നുപോകുന്നുവെന്ന വാട്സ്ആപ്പിലെ അടിസ്ഥാനരഹിതമായ പ്രചാരണമാണ് ആള്‍ക്കൂട്ടത്തിന് വഴിവെച്ചത്. കണ്ടെയ്ന്മെന്റ് സോണിലാണ് ഇത്രയും അധികം ആളുകള്‍ തടിച്ചു കൂടിയത്.
150 പേര്‍ക്ക് കുത്തിവെപ്പെടുക്കുന്നതോടെ വാക്സിന് തീര്ന്നുപോകുമെന്നായിരുന്നു സന്ദേശം. രണ്ടാംഡോസെടുക്കാനാണ് ആളുകള്‍ കൂട്ടത്തോടെ എത്തി തിരക്കുകൂട്ടിയത്. ഓട്ടോറിക്ഷകള്‍ വിളിച്ചും കാല്‍നടയായി ഏറെ ദൂരം സഞ്ചരിച്ചുമെല്ലാം വയോജനങ്ങള്‍ അതിരാവിലെ കലയ്ക്കോടെത്തി. കോവിഡ് വ്യാപനം രൂക്ഷമായ പൂതക്കുളം പഞ്ചായത്തില്‍ ഇത്രയും പേര് ഒരുമിച്ചുകൂടിയത് അധികൃതരെ അങ്കലാപ്പിലാക്കുകയും ചെയ്തു.
വാക്സിനെടുക്കുന്നതിനൊപ്പം തിരക്ക് നിയന്ത്രിക്കാനും ജീവനക്കാര്‍ പണിപ്പെട്ടു. 164-പേര്‍ക്കാണ് കുത്തിവെപ്പെടുത്തത്. മറ്റുള്ളവര്‍ക്ക് ഫോണ്‍നമ്പര്‍ നല്കി മടക്കി അയച്ചു. മുന്‍ഗണനാക്രമത്തില്‍ വിളിക്കുന്നതിനനുസരിച്ച് വന്നാല്‍മതിയെന്ന് നിര്‍ദേശവും കൈമാറി.