പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. വിവാഹ ചടങ്ങില്‍ മാര്‍ഗനിര്‍ദേശം പാലിക്കാതെ കൂടുതല്‍ ആളുകളെത്തിയാല്‍ വിവാഹത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കുമെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു.
8, 9 തിയതികളില്‍ നടന്ന വിവാഹ ചടങ്ങുകളുടെ പേരില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ 4 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് 20 പേരെ പങ്കെടുപ്പിക്കാനാണ് നിലവില്‍ അനുമതിയുള്ളത്.
21ാമത്തെ ആള് പങ്കെടുക്കാന്‍ എത്തിയാല്‍ വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കും. 5000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കാം. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം ആരാധനാലയം അധികൃതര്‍ക്കെതിരേയും വരന്, വധു, മാതാപിതാക്കള്‍, ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കും.
ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹത്തിന് അനുമതി തേടി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ വിവാഹ ചടങ്ങ് പൂര്‍ത്തിയാവുന്നത് വരെ പൊലീസ് നിരീക്ഷണമുണ്ടാവും. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനാലാണ് ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.