പെരുവെമ്പ്: ബോധരഹിതനായി കിടന്ന കൊവിഡ് രോഗിക്ക് രക്ഷകരായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷകരായത്. കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിഭൂഷ്. ഇതിനിടെ ഉച്ചയ്ക്ക് 12 മണിക്ക് കുളിമുറിയില്‍ പോയ വിഭൂഷ് കുഴഞ്ഞുവീണു.
ഉടനെ തന്നെ ഭാര്യ അജന വിവരം അയല്‍ക്കാരെ അറിയിച്ചു. അയല്‍ക്കാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചെങ്കിലും അവ ലഭ്യമായില്ല. തുടര്‍ന്ന്, അയല്‍വാസികളായ ജി. ശ്രീരാഗും ഇ.വി. അരുണും ചേര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടും ഫലമുണ്ടായില്ല.
തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് ഓഫീസില്‍ കയറി വിവരം പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയത്. ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമായ എം. സുരേഷ് തന്റെ വാനുമായി സ്ഥലത്തെത്തി.
വാന്‍ വന്നയുടന്‍ ഡി.വൈ.എഫ്.ഐ. പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറി സന്ദീപ്, വെസ്റ്റ് മേഖല ഖജാന്‍ജി തേജസ് എന്നിവര്‍ പി.പി.ഇ. കിറ്റ് ധരിച്ച് രോഗിയെ എടുത്ത് വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വിഭൂഷിന്റെ ഭാര്യ അജന.