പരപ്പ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ ഒരുങ്ങുന്ന കോവിഡ് കേന്ദ്രത്തിന് തങ്ങളാൽ കഴിയുംവിധം സഹായം നൽകി വധൂവരന്മാരുടെ നന്മ. വിവാഹദിവസം പന്തലിൽ വെച്ചാണ് കാസർകോട്ട് പരപ്പ കാരാട്ടെ നവവധൂവരന്മാർ ധനസഹായം കൈമാറിയത്.
പരപ്പ കാരാട്ടെ കെ സുമേഷും മാവുള്ളാലിലെ പി സുവർണയുമാണ് വിവാഹവേദിയിൽവെച്ച് 10,000 രൂപ സംഭാവന നൽകിയത്. പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കുന്ന കേന്ദ്രത്തിൽ പിപിഇ കിറ്റ്, സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ വാങ്ങുന്നതിനാണ് തുകനൽകിയത്.
ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിനുശേഷം പഞ്ചായത്ത് പ്രസിഡന്റ് ടികെ രവിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പിവി ചന്ദ്രൻ, സിഎച്ച് അബ്ദുൾനാസർ, നോഡൽ ഓഫീസർ സന്തോഷ് കുമാർ, കമ്മിറ്റി കൺവീനർ എആർ രാജു, വൊളന്റിയർ കോർ കൺവീനർ ഗിരീഷ് കാരാട്ട് എന്നിവർ സംബന്ധിച്ചു.