ഷൊര്‍ണൂര്‍: അര്‍ഹത പെട്ടവരെ തേടി എത്ര നാള് വൈകിയാലും സൗഭാഗ്യങ്ങള്‍ എത്തുമെന്നാണ്. അത് എങ്ങനെയുമാകാം. ഇത്തരത്തില്‍ ലോട്ടറിയുടെ രൂപത്തില്‍ 81 വയസ്സുകാരനായ സുബ്രഹ്മണ്യനെ തേടിയെത്തിയിരിക്കുകയാണ് ഭാഗ്യദേവത. മാറ്റിവെച്ച നറുക്കെടുപ്പാണ് സുബ്രഹ്മണ്യനെ ലക്ഷാധിപതിയാക്കിയത്.
ഷൊര്‍ണൂര്‍ മഞ്ഞക്കാട് മദര്‍ലാന്‍ഡില്‍ താമസിക്കുന്ന സുബ്രഹ്മണ്യനെയാണു ഭാഗ്യദേവത തേടിയെത്തിയത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് സുബ്രഹ്മണ്യനെ തേടിയെത്തിയത്. കഴിഞ്ഞ മാസം 24ന് നടക്കേണ്ടതായിരുന്നു നറുക്കെടുപ്പ്.
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നറുക്കെടുപ്പ് നടത്തിയത്. ഷൊര്‍ണൂര്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ സി കാര്‍ത്തിക്കിന്റെ സെല്‍വ ലോട്ടറീസില്‍ വില്‍ക്കാതെ അവശേഷിച്ച ടിക്കറ്റ് നറുക്കെടുപ്പ് ദിവസം ഉച്ചയോടെയാണ് സുബ്രഹ്മണ്യന് വാങ്ങിയത്.
ഒരേ സീരീസിലെ ആറ് ടിക്കറ്റുകളാണ് സുബ്രഹ്മണ്യന് വാങ്ങിയത്. ഇതോടെ ഒന്നാം സമ്മാനത്തിനൊപ്പം അഞ്ച് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. ബിഎസ്എന്‍എല്ലില്‍ നിന്നും വിരമിച്ച സുബ്രഹ്മണ്യന് വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തമായി ഒരു വീടു വയ്ക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന് സുബ്രഹ്മണ്യന് പറയുന്നു.