പയ്യന്നൂര്‍: വീട് നിര്‍മ്മാണത്തിനിടെ സ്ലലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാള്‍ സ്വദേശി രാമകൃഷ്ണ മൊണ്ഡലാണ് ദാരുണമായി മരണപ്പെട്ടത്. ലോക്ഡൗണിനു മുന്‍പ് നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് രാമകൃഷ്ണയെ വിധി തട്ടിയെടുത്തത്. പെരുമ്പ തായത്തുവയല്‍ റോഡിലെ വീട് നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരായ 3 തൊഴിലാളികള്‍ക്കൊപ്പമാണ് കാലിക്കടവിലെ ക്യാംപില്‍ നിന്ന് ഇവര്‍ ജോലിസ്ഥലത്ത് എത്തിയത്. ഏതു സമയവും ലോക്ഡൗണ്‍ വരുമെന്ന പ്രതീക്ഷയില്‍ നാട്ടിലേക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം ഇവര്‍ നടത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അത് അറിയാന്‍ രാമകൃഷ്ണ ഉണ്ടായില്ല.
കഴിഞ്ഞ ലോക്ഡൗണിനു ശേഷം തൊഴില്‍മേഖല സാധാരണ നിലയില്‍ എത്തിയപ്പോഴാണ് രാമകൃഷ്ണ ഉള്‍പ്പെടെയുള്ള സംഘം ജോലിക്കെത്തിയത്. കോണ്‍ക്രീറ്റ് ചെയ്ത സണ്‍ഷെയ്ഡിന്റെ പലക ഇളക്കി മാറ്റുമ്പോഴാണു വീണത്. അപകടം നടക്കുമ്പോള്‍ 2 പേര് താഴേക്ക് ചാടി. രാമകൃഷ്ണയുടെ ദേഹത്തു സ്ലാബും കല്ലും വന്നു വീഴുകയായിരുന്നു. അതിനിടെ കുടുങ്ങിപ്പോയ രാമകൃഷ്ണയെ പുറത്തിറക്കാന്‍ കഴിയാത്തതിനാല്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടി. മുകളിലേക്കു കയറാന്‍ പോലും വഴിയില്ലാത്തതിനാല്‍ അഗ്നിരക്ഷാ സേനയുടെ ഏണി ഉപയോഗിച്ചാണു മുകളില്‍ കയറി രാമകൃഷ്ണയെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും രാമകൃഷ്ണ മരണത്തിന് കീഴടങ്ങിയിരുന്നു.