പത്തനംതിട്ട: ചികിത്സ കിട്ടാന്‍ വൈകിയതെ തുടര്‍ന്ന് കോവിഡ് ബാധിതനായ യുവാവിന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലിമുക്ക് ശ്രീധനിയില്‍ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥന് എം.കെ.ശശിധരന്റെ മകന് ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാലാണ് ധനീഷിന് ചികിത്സ വൈകിയത്.
8 ദിവസം മുന്‍പ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി.
അങ്ങനെ ഒരാഴ്ചയായി ധനീഷ് വീട്ടില്‍ കഴിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ സ്ഥിതി വഷളായി. ഓക്സിജന്‍ അളവ് 80ന് താഴെയെത്തി. പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കണ്ട്രോള് സെല്ലില്‍ അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള 2 സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിക്കാനുമാണ് അവര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫിലിപ് പറഞ്ഞു. സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ വേഗം കൊണ്ടുവന്നാല്‍ ഓക്സിജന്‍ നല്‍കാമെന്ന് മറുപടി ലഭിച്ചു.
ആംബുലന്‍സ് വരാന്‍ താമസിക്കുമെന്നതിനാല്‍ വീട്ടുകാര്‍ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു മൃതദേഹം പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വൈകിട്ട് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.