തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തനിക്ക് വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും താരം നന്ദി അറിയിച്ചു.
ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്കി. തൃശ്ശൂരില്‍ സുരേഷ് ഗോപി 40,457 വോട്ടാണ് നേടിയത്.
സുരേഷ് ഗോപിയുടെ പ്രതികരണം
തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!
നല്‍കാത്തവര്‍ക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്കുന്നു. എല്ലാവരോടും സ്നേഹം മാത്രം!
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് വിജയിച്ചത്..യുഡിഎഫിന്റെ പത്മ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന് പരാജയപ്പെടുത്തിയത്. പത്മജ വേണുഗോപാല്‍ 43,317 വോട്ടും സുരേഷ് ഗോപി 40,457 വോട്ടുമാണ് നേടിയത്.
അതേസമയം തൃശൂരില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയത്.
തൃശൂരില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് പത്മജ ആരോപിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്. എനിക്കറിയാം പക്ഷെ താന്‍ പറയില്ലെന്നും പത്മജ പറഞ്ഞിരുന്നു.