ഇടുക്കി: ചക്ക തലയില്‍ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് സംഭവം. മധുര സ്വദേശി അറുമുഖന് ആണ് മരിച്ചത്. അറുപത്തിയെട്ട് വയസ്സായിരുന്നു. ഉയരമുള്ള പ്ലാവില്‍ നിന്നും ചെത്തിയിട്ട ചക്ക നിലത്തു വീണ ശേഷം തെറിച്ച് അറുമുഖന്റെ തലയില്‍ വീഴുകയായിരുന്നു.
40 അടി ഉയരമുള്ള പ്ലാവില്‍ നിന്നു ചെത്തിയിട്ട ചക്കയാണ് തെറിച്ചുയര്‍ന്ന് അറുമുഖന്റെ തലയിലിടിച്ച് വീണത്. വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറുമുഖന് വര്‍ഷങ്ങളായി ഈ തോട്ടത്തിലാണ് പണിയെടുത്തിരുന്നത്.
മറ്റൊരു തൊഴിലാളിയാണ് പ്ലാവില്‍ കയറി ചക്കയിട്ടത്. കുറച്ചു മാറി ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്നു അറുമുഖന്. പ്ലാവില്‍ നിന്നും താഴേക്ക് വീണ ചക്ക തെറിച്ച് അറുമുഖന്റെ തലയില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അറുമുഖനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. സരസ്വതി ആണ് അറുമുഖന്റെ ഭാര്യ. ഇവര്‍ക്ക് നാല് മക്കളുണ്ട്.