മുക്കം: ആര്‍ത്തലച്ചെത്തിയ കഴുത്തറ്റം വെള്ളത്തില്‍ മക്കളെയും ഭാര്യയെയും പതിനഞ്ച് മിനിട്ടോളം ചേര്‍ത്ത് പിടിച്ച് നടന്നാണ് അബ്ദുള്‍ കരീമും കുടുംബത്തിന്റെയും അത്ഭുതകരമായ രക്ഷപ്പെടല്‍. പുല്ലൂരാംപാറ ഇലന്തുകടവില്‍ ബുധനാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഴുത്തറ്റം വെള്ളത്തില്‍ 15 മിനിറ്റിലേറെ നേരം മക്കളായ അജ്മലയെയും അജ്നാനെയുമെടുത്ത് നടന്നാണ് അബ്ദുള്‍ കരീമും ഭാര്യ സൈനബയും രക്ഷപ്പെട്ടത്.
ശക്തമായ ഒഴുക്കില്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ പാറക്കൂട്ടങ്ങള്‍ തമ്മിലടിക്കുന്ന ശബ്ദം കേട്ടാണ് അബ്ദുള്‍ കരീമും കുടുംബവും രാത്രി ഒമ്പത് മണിയോടെ ഇലന്തുകടവിന് സമീപത്തെ വീട്ടില്‍നിന്ന് ഇറങ്ങിയത്. മലവെള്ളപ്പാച്ചിലില്‍ പുഴ ഗതിമാറി ഒഴുകുകയായിരുന്നു. പാതിവഴിയില്‍ എത്തിയതോടെ ആര്‍ത്തലച്ചെത്തിയ മലവെള്ളം നാലംഗകുടുംബത്തെ ഉലച്ചു.
അബ്ദുള്‍ കരീമും ഭാര്യയും മക്കളെയുമെടുത്ത് റോഡരികിലെ മതിലില്‍ പിടിച്ചുനീങ്ങി അയല്‍വാസിയായ ബോബിയുടെ വീടിന്റെ രണ്ടാംനിലയില്‍ അഭയംതേടിയത്. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ അബ്ദുള്‍ കരീമിന്റെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണിച്ചറും പൂര്‍ണമായും നശിച്ചു. ഒന്ന് മാറ്റിയുടുക്കാന്‍ വസ്ത്രം പോലുമില്ലാതായി.
വീട്ടിലെ വയറിങ്ങിനുള്ളില് വെള്ളം കയറി ഉപയോഗശൂന്യമായി. വീട്ടുമുറ്റത്തുണ്ടായിരുന്ന മൂന്ന് ആട്ടിന്കുട്ടികളും കോഴികളും അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും മലവെള്ളത്തില്‍ ഒലിച്ചുപോയി. മുറ്റത്തുള്ള കിണറിന്റെ ആള്‍മറ തകര്‍ത്തുകയറിയ മലവെള്ളം കിണര്‍ മലിനമാക്കി.
പതിനൊന്ന് വര്‍ഷമായി പുല്ലൂരാംപാറ അങ്ങാടിയില്‍ ടൈലറിങ് ഷോപ്പ് നടത്തി വരികയായിരുന്നു അബ്ദുള്‍ കരീം. തയ്ക്കാനുള്ള വസ്ത്രങ്ങള്‍ അളവനുസരിച്ച് മുറിക്കാനും ബട്ടന് വെക്കാനുമായി വീട്ടിലേക്ക് കൊണ്ടുവന്ന തുണികള്‍ പൂര്‍ണമായും ഒലിച്ചുപോയി.
ബലിപെരുന്നാളിന് തയ്ക്കാനായി കൊണ്ടുവന്ന തുണികളാണ് ഒലിച്ചുപോയതില്‍ ഏറെയും. തുണിത്തരങ്ങള്‍ അന്വേഷിച്ച് വരുന്നവരോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലാണ് അബ്ദുള്‍ കരീം. പുല്ലൂരാംപാറ അങ്ങാടിയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
13 വര്‍ഷംമുമ്പ് ഭാര്യയുടെ താലിയടക്കം ഉള്ളതെല്ലാം വിറ്റാണ് 13 സെന്റ്് സ്ഥലത്ത് അബ്ദുള്‍ കരീം സ്വന്തമായൊരു വീടുണ്ടാക്കിയത്. അപ്രതീക്ഷിതമായെത്തിയ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ വീടൊഴികെ എല്ലാം നശിച്ചതോടെ ഇനിയെന്തു ചെയ്യുമെന്ന് അബ്ദുള്‍ കരീം ചോദിക്കുന്നു.
ഇലന്തുക്കടവ് പാലത്തിനു താഴെയുള്ള റോഡിന്റെ കൈവരികള്‍ തകര്‍ന്നതിനാല്‍ ഇനിയും ഏതുനിമിഷവും മഴവെള്ളം ആര്ത്തലച്ചെത്തിയേക്കാം. താത്കാലികമായി ഒരു വാടകവീട് കണ്ടെത്തി അവിടേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.