തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പതിമൂന്ന് ജില്ലകളിലുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം രൂക്ഷമായത്.
പത്തനംതിട്ടയൊഴിച്ച് 13 ജില്ലകളിലാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. രാജ്യത്ത് നിലവില്‍ ശക്തമായി വ്യാപിക്കുന്ന ഇന്ത്യന്‍ വകഭേദം സംസ്ഥാനത്തിന്റെ പത്ത് ജില്ലകളിലുണ്ട്. കോട്ടയം ജില്ലയിലാണ് ഇരട്ട ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ വകഭേദമായ B1617 കൂടുതലുള്ളത്.
ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍. വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാന്‍ ഈ സ്ഥാപനത്തെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, വൈറസിന്റെ യു കെ വകഭേദം മാത്രമാണ് സംസ്ഥാനത്ത് കണ്ടെത്തിയിരുന്നത്.
എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. യുകെ വകഭേദത്തെക്കാള്‍ വ്യാപന ശേഷി കൂടുതലും അപകടകരവുമാണ് ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍. കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചില്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. ആഫ്രിക്കന്‍ വകഭേദം കൂടുതല്‍ കണ്ടെത്തിയത് പാലക്കാട് ജില്ലയിലാണ്.