തൃശൂര്‍: കെഎസ്ആര്‍ടിസി വോള്‍വോ ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് 12ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ലോറി ഡ്രൈവര്‍, ക്ലീനര്‍ എന്നിവരാണ് അപകടനില തരണം ചെയ്യാത്തത്. കേച്ചരി പാലത്തില്‍ വെച്ചായിരുന്നു അപകടം നടന്നത്.
ലോറി ഡ്രൈവര്‍ മധുര സ്വദേശി പാണ്ടി മകന് മുത്തു (35), ക്ലീനര്‍ മധുര സ്വദേശി കറുപ്പ് സാമി മകന് അരുണ്‍ (24), ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി റാഷിദ് ( 45 ), കണ്ടക്ടര്‍ കോഴിക്കോട് സ്വദേശിനി ഷിജിനി (39), ബസിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശി നിസാം (26), മലപ്പുറം സ്വദേശി ആഷിക് (40), അബ്ദുല്‍ ബാസിക് (35) എന്നിവരെ മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലപ്പുറം ചാക്കേരി മഠത്തില്‍ ചന്ദ്രശേഖരന് (51), കോഴിക്കോട് എരുവാട്ട് വീട്ടില്‍ ജംഷീര്‍, ആലപ്പുഴ കളപ്പുരക്കല്‍ വീട്ടില്‍ സജീവ് (39), തൃശൂര്‍ എയ്യാല്‍ സ്വദേശി കോമരത്ത് പറമ്പില്‍ വീട്ടില്‍ ഷീജ എന്നിവരെ അമല ആശുപത്രിയിലും കൊച്ചി സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ നിസാറിനെ (40) ചൂണ്ടല്‍ സെന്റ ജോസഫ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 5.45 നായിരുന്നു അപകടം. നെടുമ്പാശേരിയില്‍നിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ എതിരേ കുന്നംകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ചരക്കു ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.