കോട്ടയം: ബസ് ഡ്രൈവറായ യുവാവിനെ നടുറോഡില്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് സംഭവം. ചമ്പക്കര കൊച്ചുകണ്ടം സ്വദേശി രാഹുല്‍ രാജുവിനെയാണ് ഇന്നലെ രാവിലെ റോഡിനു നടുവില്‍ നിര്‍ത്തിയിട്ട സ്വന്തം കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ഒരു രാത്രി മുഴുവന്‍ വഴിയില്‍ കിടന്ന മൃതദേഹം അടുത്തദിവസം അതുവഴിപോയ പത്രവിതരണക്കാരനാണ് കണ്ടത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അടിയില്‍ കയറിയ രാഹുല്‍ പുറത്തിറങ്ങാനാകാതെ വാഹനത്തിനടിയില്‍ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കാറിന്റെ മധ്യഭാഗം ദേഹത്ത് ഞെരിഞ്ഞമര്‍ന്നിരുന്നു. വായില്‍ നിന്നു രക്തവും നുരയും പതയും വന്ന നിലയിലായിരുന്നു. കോട്ടയം – പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുല്‍. വെള്ളി രാത്രി 7.45നു ബസ് സര്‍വീസ് അവസാനിപ്പിച്ച രാഹുല്‍ വീട്ടില്‍ എത്തിയില്ല.
സുഹൃത്തായ കണ്ടക്ടറുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ നെടുങ്കുന്നത്തിനു പോകുന്നതായും രാത്രി വൈകി എത്തുമെന്നും ഭാര്യ ശ്രീവിദ്യയെ ഫോണില്‍ അറിയിച്ചിരുന്നു. രാത്രി എത്താതെ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെങ്കിലും കോള്‍ എടുത്തില്ലെന്നു ഭാര്യ പറയുന്നു.
വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി ചമ്പക്കര തുമ്പച്ചേരില്‍ ബാങ്കുപടി ഭാഗത്താണ് രാഹുലിന്റെ ജഡം കണ്ടത്. ഇന്നലെ രാവിലെ പത്രവിതരണത്തിന് എത്തിയ യുവാവ് നടുറോഡില്‍ നിര്‍ത്തിയിട്ട കാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. രാഹുലിന്റെ ശരീരത്തിലും തലയ്ക്കും പരുക്കുണ്ടെന്നും രക്തം വാര്ന്നിട്ടുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് രാജപ്പന് പൊലീസില്‍ പരാതി നല്കി.
അതേസമയം വാഹനം രാഹുലിന്റെ ശരീരത്തില്‍ അമങ്ങിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മരണശേഷം നടത്തിയ പരിശോധനയില്‍ രാഹുലിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച എസ്ഐയും എഎസ്ഐയും ഉള്‍പ്പെടെ 4 പൊലീസുകാര്‍ ക്വാറന്റീനിലായി.