കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കന് രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊല്ലം തേവലക്കര ചേനങ്കര ജംക്ഷനിലാണ് അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
വിഷുദിനത്തില്‍ വൈകീട്ടായിരുന്നു അപകടം. കോയിവിള സ്വദേശിയായ റിട്ടയേഡ് പൊലീസുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് എന്നാണ് സൂചന. ഇദ്ദേഹം ബുധനാഴ്ച വൈകിട്ട് കോയിവിള ഭാഗത്തുനിന്ന് ബൈക്കോടിച്ചു തേവലക്കരയിലേക്ക് പോകുന്നതിനിടെ ചവറ-അടൂര്‍ റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം.
പത്തനംതിട്ടയില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ബൈക്കില്‍ ഇടിച്ചത്. ഇടിയെത്തുടര്‍ന്ന് ബൈക്ക് മറിയുകയും ബൈക്കോടിച്ചയാളുടെ ദേഹത്ത് മുട്ടാതെ ബസ് ബൈക്കിനുമേല്‍ കയറിയിറങ്ങിനില്ക്കുകയുമായിരുന്നു.
അപകടത്തില്‍ യാത്രക്കാരനു പരുക്കേല്‍ക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. സമീപത്തെ ആഭരണ വ്യാപാരശാലയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.