കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്ജന് ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ അബുദാബിയിലെ ബുര്‍ജില്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് യൂസഫലിയെ ചികിത്സിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ യൂസഫിക്ക് നടുവിന് പരിക്കേറ്റിരുന്നു. കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പില്‍ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്.
ലേക്ഷോര് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ യൂസുഫലി കടവന്ത്രയിലെ വീട്ടില്‍നിന്ന് പോയപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടര്‍ന്നാണ് നട്ടെല്ലിന്റെ ചികില്‍സയ്ക്ക് വിധേയനായത്. യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു.