തൃശൂര്‍; ചേറ്റുവ പാലത്തില്‍ കണ്ടെയ്നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മേലെ പട്ടാമ്പി സ്വദേശി കൊളമ്പില് വീട്ടില്‍ മുഹമ്മദാലി, ഉസ്മാന് എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. മിനിലോറിയില്‍ ഉണ്ടായിരുന്നവരാണ് മരണപ്പെട്ടത്.
ചാവക്കാട് ഭാഗത്തുനിന്നു വരികയായിരുന്ന കണ്ടെയ്നര്‍ ലോറി മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. . ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഉടന്‍തന്നെ ചേറ്റുവ ടിഎം ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു.