കോഴിക്കോട്: നാട് മുഴുവന്‍ പ്രളയക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് കിണറിലെ വെള്ളം മുഴുവന്‍ അപ്രത്യക്ഷമായി. എന്നാല്‍ ശക്തമായ മഴ തുടരുന്നതിനിടെ കിണര്‍ കടുത്ത വേനലിലെ പോലെ വറ്റി വരണ്ടത് ഭീതി പടര്‍ത്തുന്നു.
കോഴിക്കോട് പരിത്തിപ്പാറ വിഎം ഇസ്മായില്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്. എന്നാല്‍ ഇന്നലെ വൈകുന്നേരം 5 മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെ വെള്ളമാണ് വളരെ പെട്ടെന്ന് താഴ്ന്ന്പോയത്. നിരവധി പേരാണ് കിണര്‍ കാണാന്‍ എത്തുന്നത്. ഈ കിണറിനു സമീപത്തുള്ള മറ്റ് കിണറുകളില്‍ നിറയെ വെള്ളം ഉണ്ട്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് വലിഞ്ഞുപോകുന്ന പൈപ്പിങ്ങ് എന്ന പ്രതിഭാസമാണ് സംഭവിച്ചതെന്ന് ശാസ്ത്രഞ്ജനായ ഡോക്ടര്‍ അരുണ്‍ പറഞ്ഞു. എന്നാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സമയത്ത് പൈപ്പിങ് നടക്കാനുള്ള സാധ്യത കുറവാണെന്നും വിദഗ്ദര്‍ പറയുന്നു.