ചവറ:ബൈക്ക് വൈദ്യുത തൂണിനും മതിലിനും ഇടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ചവറ കോട്ടയ്ക്കകം രോഹിണിയില്‍ ജയകുമാര്‍ ജയലക്ഷ്മി ദമ്പതികളുടെ മകന് അഭിജിത്ത് (24) ആണ് ദാരുണമായി മരിച്ചത്. ചവറ കൊട്ടുകാട് നല്ലേഴുത്ത് ജംഗ്ഷന് റോഡില്‍ ഇഎസ്ഐക്ക് സമീപമായിരുന്നു അപകടം നടന്നത്.
സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിലെ സെയില്‍സ്മാനായ അഭിജിത്ത് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വെള്ളി രാത്രി 12.15 ഓടേ കാല്‍നടയാത്രക്കാരനാണ് രക്തം വാര്‍ന്ന നിലയില്‍ അഭിജിത്തിനെ ബൈക്കില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപവാസിയെ വിവരം അറിയിച്ചു.
ചവറ അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തി കുടുങ്ങി കിടന്ന അഭിജിത്തിനെ പുറത്തെടുത്ത് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വീടിനു 200 മീറ്റര്‍ അകലെയായിരുന്നു അപകടം. അപകടം നടന്ന ശേഷം ഒട്ടേറെ സമയം യുവാവ് ഇവിടെ ആരും കാണാതെ കിടക്കേണ്ടിവന്നതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. സഹോദരി രമ്യ.