പരപ്പനങ്ങാടി: റെയില്വെപാളം മുറിച്ചു കടക്കുന്നതിനിടെ ഭാര്യയുടെ കണ്മുന്പില് വച്ച് ട്രെയിന്‍ തട്ടി ഭര്‍ത്താവിന് ദാരുണാന്ത്യം. ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയ (60) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു മുഹമ്മദ് കോയയും ഭാര്യ ഖദീജയും. മദ്രാസ് മെയില്‍ തീവണ്ടിയില്‍ കയറുന്നതിന് പാളം മുറിച്ചുകടക്കുന്നതിനിടയില്‍ മറ്റൊരു പാളത്തിലൂടെ വന്ന തീവണ്ടി തട്ടുകയായിരുന്നു. തീവണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ട ഖദീജ ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.
എന്നാല്‍ മുഹമ്മദ് കോയക്ക് രക്ഷപ്പെടാന്‍ സമയം ലഭിച്ചില്ല. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഓട്ടോ ഡ്രൈവറാണ് മുഹമ്മദ്കോയ. മക്കള്‍ നൗഫല്‍, മുംതാസ്, ഇഖ്ബാല്‍, സുലൈഖ, ശരീഫ്. സമീര്‍, മുജീബ് എന്നിവര്‍ മരുമക്കളാണ്.