തിരുവനന്തപുരം: ഇക്കാലയളവില്‍ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്ന് ബിജെപി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്. അങ്ങനെയുള്ള തന്നെ ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നതായും കുമ്മനം പറഞ്ഞു.
അതേസമയം നേമത്ത് മാര്‍ക്സിസ്റ്റ്-ബി.ജെ.പി രഹസ്യബന്ധമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവനയിലും കുമ്മനം രാജശേഖരന് പ്രതികരിച്ചു. മുരളീധരന്റെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണെന്ന് കുമ്മനം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്സിസ്റ്റ് സഖ്യമാണെന്നും കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ മുമ്പ് തനിക്ക് സി.പി.ഐ.എം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന് നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.
നേമത്ത് ബി.ജെ.പി-മാര്‍ക്സിസ്റ്റ് രഹസ്യബന്ധമുണ്ടെന്ന് കെ. മുരളീധരന് പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടി അറിയാതെയാണ് ഈ ബന്ധമെന്നും മുരളീധരന് ആരോപിച്ചിരുന്നു. നേമത്ത് മാത്രമല്ല. തിരുവനന്തപുരത്തും ഈ രഹസ്യബന്ധമുണ്ട്. ഇവിടെ ബി.ജെ.പിക്ക് വോട്ട് മറിക്കും പകരം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി, സി.പി.ഐ.എമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരന് പറഞ്ഞിരുന്നു.