തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഡിഎ പ്രചരണയോഗത്തില്‍ ശബരിമല വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ശബരിമല ഭക്തരെക്കുറിച്ച് മോഡി കണ്ണീരൊഴുക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും മുന്‍പ് ഇവിടെ വന്ന് ആചാരസംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് അദ്ദേഹം ഓര്‍ക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തെ തുടര്‍ച്ചയായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ഫലിതമാണെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി പരാമര്‍ശത്തിന് ചെന്നിത്തല നല്കിയ മറുപടി ഇങ്ങനെ: ”സിപിഐഎമ്മുമായി ബിജെപി ഡീല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസ് നേതാവായ ബാലശങ്കറാണ്.
എന്തുകൊണ്ടാണ് മോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് പിണറായിയും ഇടതുസര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. സാക്ഷി മൊഴിയുണ്ടായിട്ടും സ്വര്‍ണ, ഡോളര്‍ കടത്തുക്കേസുകള് എന്തിനാണ് ഫ്രീസറില്‍ കയറ്റിയതെന്ന് മോജി വിശദീകരിക്കേണ്ടതായിരുന്നു.”
യുഡിഎഫിനെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ചായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലെ പ്രസംഗം. ഇരുമുന്നണികളും ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമങ്ങളിലും വര്‍ഗീയതയിലും ഇരട്ടസഹോദരങ്ങളാണെന്നും ബംഗളാളില്‍ അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായികൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. അവര്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകണമെന്നും അതിന് സിസിപി എന്ന പേരിടാമെന്നും മോഡി പറഞ്ഞിരുന്നു.