കണ്ണൂര്‍ : ഒരു ദിവസം പോലും ഇടവേളയില്ലാതെ മൂന്നുവര്‍ഷം പിന്നിട്ട് ഡിവൈഎഫ്ഐയുടെ സൗജന്യഭക്ഷണവിതരണം. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വയറും മനസ്സും നിറച്ചാണ് ഡിവൈഎഫ്ഐയുടെ സൗജന്യ ഭക്ഷണ വിതരണം നടത്തി വന്നത്.
‘ഉമ്പായി കുച്ചാണ്ട് പാണന് കത്തണുമാ… വാഴല പൊട്ടിച്ച് പാപ്പണ്ടാക്കണുമാ…’ ജ്യേഷ്ഠന് കലാഭവന്‍ മണി പാടി വിശപ്പിന്റെ നോവ് മാലോകരെ അറിയിച്ച ഗാനം ആലപിച്ച് മണിയുടെ സഹോദരന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന് ഊണ് വിതരണം ഉദ്ഘാടനം ചെയ്തു.
ഒരു ദിവസംപോലും ഇടവേളയില്ലാതെ, പ്രളയകാലത്തും കോവിഡ് കാലത്തും ഹര്‍ത്താല്‍ദിനത്തിലും ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ മുന്നേറുകയാണ്. ‘ഹൃദയപൂര്‍വം’ പദ്ധതി ഇന്ന് ജനം നെഞ്ചിലേറ്റുകയാണ്.
ഓരോ ദിവസം ഡിവൈഎഫ്ഐയുടെ ഓരോ മേഖലാ കമ്മിറ്റിക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഭക്ഷണം വാഹനത്തിലെത്തിച്ചാണ് കൃത്യസമയത്തുള്ള വിതരണം നടത്തുന്നത്. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വ്യാഴാഴ്ച ‘സ്പെഷ്യല്‍’ പായസവുമുണ്ടായിരുന്നു.