ചെറുപുഴ: ചേനാട്ടുക്കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യന്‍ എന്ന ബേബി (62)യെ വെടിവച്ചു കൊന്ന കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. 25ന് രാവിലെ 8.30 ആണു സെബാസ്റ്റ്യനെ അയല്‍വാസിയായ വാടാതുരുത്തേല്‍ ടോമി ജോസഫ് വെടിവച്ചു കൊന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി ടോമി കര്‍ണാടക വനത്തില്‍ ഒളിവില്‍ പോവുകയായിരുന്നു.
കാട്ടാനകള്‍ ഉള്‍പ്പെടെയുളള കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കര്‍ണാടക വനത്തില്‍ തെരച്ചില്‍ നടത്തുന്നത് പോലീസിനും കനത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍ കൊലപാതകത്തിനു ശേഷം പോലീസ് നിരീക്ഷണം ശക്തമാക്കുകയും, പ്രതിയെ കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.
ഭക്ഷണം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇയാള്‍ക്ക് അധിക ദിവസം കാട്ടില്‍ തങ്ങാനാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇത് ശരി വയ്ക്കുന്ന തരത്തിലാണു പ്രതിയെ കഴിഞ്ഞ ദിവസം അവശനിലയില്‍ ചേനാട്ടുക്കൊല്ലിയ്ക്കു സമീപത്തെ തോട്ടില്‍ കണ്ടെത്തിയതും. ഭക്ഷണം ലഭിക്കാതെ വന്നതോടെ പ്രതി അവശനിലയിലായിരുന്നു. കഴിഞ്ഞ 6 ദിവസം വെള്ളവും മാങ്ങയും കഴിച്ചാണു ജീവന് നിലനിര്‍ത്തിയത്. ഇതിനുപുറമേ വേറെ വസ്ത്രങ്ങള്‍ ഇല്ലാത്തതും, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും രക്ഷപ്പെടുന്നതിനു തടസ്സമാവുകയായിരുന്നു.