തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ കൈവിട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തള്ളി.
തികച്ചും വ്യക്തിപരമായ നിലപാടാണ് സുരേഷ് ഗോപിയുടേതെന്ന് കെ സുരേന്ദ്രന് പറഞ്ഞു. തലശേരിയില്‍ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ഉണ്ടാകും. ബാക്കി രണ്ട് സ്ഥലത്തും ആയല്ലോ. തലശേരിയിലും അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു സുരേന്ദ്രന് പറഞ്ഞത്.
തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട് സുവ്യക്തമാണ്. എല്‍.ഡി.എഫും യു.ഡി.എഫും കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്നായിരുന്നു സുരേന്ദ്രന് പറഞ്ഞത്.
തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ജയിക്കരുതെന്നും എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ഗുരുവായൂര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് സുരേഷ്ഗോപി പറഞ്ഞത്.