തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്. കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ല. കാരണം ഇവിടെ എല്ലാവര്ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.
അതേസമയം കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. തമിഴ്നാട്ടില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബി.ജെ.പി കേരളത്തില്‍ അത് അത്ര ഊന്നിപ്പറയുന്നില്ല.
അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മത്സരിക്കുന്ന ബി.ജെ.പി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശാപ്പ് നിരോധിക്കുമെന്നും ഇറച്ചിക്ക് കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളുടെ കയറ്റി അയക്കുന്നത് നിര്‍ത്തുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.