കണ്ണൂര്‍: ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ തലശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോടതിയില്‍ ഉന്നയിക്കുക.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹര്‍ജി അടിയന്തിരമായി പരിഗണിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നത്.
പിന്നീട് തെരഞ്ഞെടുപ്പ് ഹര്‍ജിലൂടെ മാത്രമേ നിയമപോരാട്ടം നടത്താന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേര്‍ന്ന് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിജെപി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത്.
സീല്‍ അടക്കമുള്ള കാര്യങ്ങള്‍ പത്രികയില്‍ ഉണ്ടായിരുന്നു. ചിഹ്നമനുവദിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ദേശീയ സംസ്ഥാന അധ്യക്ഷന്മാരുടെ ഒപ്പുള്ള ഫോമുകള്‍ക്ക് പ്രധാന്യമുള്ളത്. അതുകൊണ്ട് സാങ്കേതികമായ പിശകിന്റെ പേരില്‍ മാത്രമാണ് പത്രികകള്‍ തള്ളിയിരിക്കുന്നത്. ഇത് നിയമപരമായി ശരിയല്ല. അതിനാല്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും പത്രിക സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി കോടതിയില്‍ ഉയര്‍ത്തുക.