തൃശൂര്‍: സവാള ബിസിനസില്‍ പങ്കാളികളാക്കാമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബിജെപി മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു. ചെമ്പുചിറ പാട്ടത്തില്‍ പ്രശാന്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കൊല്ലം സ്വദേശി എ ആര് റിജുമോന്‍, നൂറനാട് സ്വദേശി ആഷ്ന എന്നിവരുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശമയച്ച് ഇരുവരില്‍ നിന്നും ലക്ഷങ്ങളാണ് പ്രശാന്ത് വാങ്ങിയത്. സവാള ബിസിനസിനായി 3,50,000 രൂപ നിക്ഷേപിച്ചാല്‍ എല്ലാമാസവും 36,000 രൂപ ലാഭവിഹിതം നല്‍കാമെന്നായിരുന്നു പ്രശാന്തിന്റെ ഓഫര്‍.
മറ്റത്തൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസിന് സമീപംവച്ച് കരാര്‍ എഴുതുകയും നോട്ടറി അറ്റസ്റ്റേഷനായി തൃശൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സവാളയെടുക്കാന്‍ പുണെയിലേക്ക് പോകണമെന്നു പറഞ്ഞ് രണ്ടുതവണയായി രണ്ടുപേരില്‍ നിന്നും ഇയാള്‍ മൂന്നരലക്ഷം രൂപ വാങ്ങി.
ലാഭവിഹിതം കിട്ടാതായപ്പോള്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും പലതവണയായാണ് 36,000 രൂപ നല്കി. പിന്നീടും തുക ലഭിക്കാതായതോടെ നിക്ഷേപതുക തിരികെ ചോദിച്ചു. ഇത് കിട്ടാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഒരു മാസമായി പ്രശാന്തിനെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്ന് ബിജെപി അറിയിച്ചു.