തിരുവനന്തപുരം: ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന് കമ്മീഷന് പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ മണ്ഡലത്തിലേക്ക് 30,80,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്.
ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താനാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയത്. അതേസമയം പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ട്.