പാവറട്ടി : പാവറട്ടിയിലെ ഇലക്ട്രിക്കല്‍ മൊത്ത വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം. ഓറിയോണ്‍ ഇലക്ട്രിക്കല്‍ ഫിറ്റിങ് സെയില്‍ കോര്‍പ്പറേഷനിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. സംഘമായി എത്തിയ നാടോടി സ്ത്രീകളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍.
17 കിലോ തൂക്കം വരുന്ന എര്‍ത്ത് ചെമ്പുകമ്പി റോളുകളാണ് മോഷണം പോയത്. ഏകദേശം പതിനയ്യായിരം രൂപ വില വരും നഷ്ടപ്പെട്ട ചെമ്പുകമ്പി റോളുകള്‍ക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അഞ്ച് സ്ത്രീകളടങ്ങുന്ന സംഘമാണ് വ്യാപാര സ്ഥാപനത്തില്‍ ഭിക്ഷയാചിച്ചും വെള്ളം ചോദിച്ചും എത്തിയത്.
ജീവനക്കാരുടെ കണ്ണുവെട്ടിക്കാന്‍ മൂന്നു പേര് ചേര്‍ന്ന് കൗണ്ടറിന്റെ ഒരു ഭാഗത്തു നിന്നു. ബാക്കിയുള്ളവര്‍ മറ്റു ദിശകളിലേക്ക് പോയി. പന്തികേട് തോന്നിയ ജീവനക്കാര്‍ ഇവരെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘത്തിലെ മറ്റു സ്ത്രീകള്‍ കൗണ്ടറിന് സമീപത്തെ സ്റ്റോര്‍ മുറിയില്‍ നിന്ന് കോപ്പര്‍ റോള്‍ മോഷ്ടിച്ചത്. എല്ലാവരെയും പുറത്താക്കിയ ശേഷം സ്റ്റോര്‍ റൂം പരിശോധിച്ചപ്പോഴാണ് ചെമ്പുകമ്പി റോള്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പ്പെട്ടത്.